പ്രവാസികള്‍ക്ക് ബയോഫ്‌ളോക്ക് മത്സ്യകൃഷി

0

വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരച്ചെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ കുഫോസ് പരിശീലനം നല്‍കുമെന്ന് കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗം അഡ്വ. മനു സി പുളിക്കല്‍ പറഞ്ഞു. ബയോഫ്‌ളോക്ക് മത്സ്യകൃഷി യുണിറ്റുകള്‍ സ്ഥാപിച്ച് സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാകും നടപ്പാക്കുക.

ബയോഫ്‌ളോക്ക് മത്സ്യകൃഷി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനായി ഫിഷറീസ് ഫീല്‍ഡ്  ഓഫിസര്‍മാരെ സജ്ജമാക്കുന്നതിനുള്ള  പരിശീലന പരിപാടി കുഫോസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ദേവികപിള്ള വികസിപ്പിച്ച ചുരുങ്ങിയ ചെലവില്‍ വീട്ടുമുറ്റത്ത് നടത്താവുന്ന ബയോഫ്‌ളോക്ക് മത്സ്യകൃഷി കര്‍ഷകരെ പഠിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഫിഷറീസ് ഓഫിസര്‍മാര്‍ക്ക് നല്‍കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള 50 ഫിഷറീസ് ഓഫിസര്‍മാരാണ് ആദ്യഘട്ടപരിശീലനത്തില്‍ പങ്കെടുത്തത്. 16 പേര്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായും പരിശീലനത്തില്‍ പങ്കെടുത്തു.

രജിസ്ട്രാര്‍ ഡോ.ബി.മനോജ് കുമാര്‍ അദ്ധ്യക്ഷനായി. ബയോഫ്‌ളോക്ക്  സംസ്ഥാന ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഇഗ്നേഷ്യസ് മണ്‍റോ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.