നാളെയാണ് ആദിനം

0

സംസ്ഥാനത്തെ മദ്യവില്‍പ്പന നാളെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ക്യൂ ആപ്പ് ഇന്ന് തയ്യാറാകും. ആപ്പ് ഇപ്പോള്‍ ഗൂഗിളിന്റെ പരിഗണനയിലാണ്. ഗൂഗിളിന്റെ അനുമതി ലഭിച്ചാല്‍ നാളെ മദ്യശാലകള്‍ തുറക്കാനാകും.

കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. ഇവര്‍ നേരത്തെ തന്നെ ആപ്പ് ഉണ്ടാക്കിയെങ്കിലും സുരക്ഷാ പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പോരായ്മകള്‍ പരിഹരിക്കാനായി കൂടുതല്‍ സമയം എടുത്തു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഇപ്പോള്‍ പ്ലേ സ്‌റ്റോറിന്റെ അനുമതിക്കായി അയച്ചിട്ടുളളത്.

സിപിഎം അനുഭാവിയുടെ സ്റ്റാര്‍ട്ട്അപ്പിനെ ആപ്പ് തയ്യാറാക്കാന്‍ തെരഞ്ഞെടുത്തത് ഏറെ വിവാദമായിരുന്നു. ഇത്രയും നിസ്സാരമായ ഒരു ആപ്പ് തയ്യാറാക്കാന്‍ ആഴ്ചകള്‍ എടുത്തത് ഈ രംഗത്തുള്ളവരും ചോദ്യം ചെയ്തു. മതിയായ നിലവാരമില്ലാത്ത സ്ഥാപനമാണ് എന്നുവരെ പലരും പറഞ്ഞു. പ്രതിപക്ഷവും കമ്പനിക്കെതിരെ രംഗത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായാണ് പല മന്ത്രിമാരും പ്രതികരിച്ചത്.

ഇന്ന് ഉച്ചതിരിയുമ്പോഴേക്കും പ്ലേസ്റ്റോറില്‍ ആപ്പ് അപ്പ്‌ലോഡ് ചെയ്യാനായേക്കും. ഇതോടെ ജനങ്ങള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നാളെ മദ്യവില്‍പ്പന ആരംഭിക്കുകയും ചെയ്യാം. ഇതാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അതിനിടെ ആപ്പിന് ഗൂഗിള്‍ അംഗീകാരമായി എന്ന അനൗദ്യോഗിക വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.