HomeKeralaഎവിടെ നവകേരളം

എവിടെ നവകേരളം

നവകേരളത്തിനായി പ്രതിജ്ഞ പുതുക്കാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനി ഒരു വര്‍ഷം കൂടിയേ ഈ ഭരണത്തിനുള്ളൂ. അപ്പോള്‍ ആദ്യം മുതലേ പറയുന്ന നവകേരളം എവിടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നവകേരളത്തിനായുള്ള ഒരു പദ്ധതി പോലും നടപ്പാക്കാനായിട്ടില്ല. പഴയ പല പദ്ധതികളുടെ പേരില്‍ മേനി നടിക്കല്‍ മാത്രമാണ് നടക്കുന്നത്. കോവിഡ് കാലത്ത് പ്രഖ്യാപിച്ച 20,000 കോടിയുടെ പദ്ധിത കുടശ്ശിക കൊടുത്തുതീര്‍ക്കല്‍ മാത്രമാണെന്ന് വ്യക്തമായതാണ്. കോവിഡിന്റെ മറവില്‍ അഴിമതിയും ധൂര്‍ത്തുമാണ് നടക്കുന്നത്.

ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് സഹായിക്കുകയും സഹകരിക്കുകയും ചെയ്തപ്പോഴാണ് സംസ്ഥാനം എല്ലാ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ തീര്‍ത്തും പരാജയമായി. ജനങ്ങള്‍ക്കായി സര്‍ക്കാരിന്റെ ഒപ്പമാണ് ന്നെും പ്രതിപക്ഷം. എന്നാല്‍ സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടുക തന്നെ ചെയ്യും.

മാറി മാറി വന്ന സര്‍ക്കാരുകളും മുന്‍ രാജ്യഭരണകൂടങ്ങളും ചെയ്ത പ്രവര്‍ത്തനമാണ് കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങള്‍. എന്നാല്‍ ഒരു സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കുന്നത് ചരിത്ര നിഷേധമാണ്. പിആര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാക്കുന്ന ചിത്രം ജനത്തിന് മനസ്സിലാകും. ദുരന്ത മുഖത്ത് ഒന്നിച്ചു നില്‍ക്കുന്ന ജനങ്ങളെ അഭിനന്ദിക്കുകയാണ്. അഹോരാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരെയും അഭിനന്ദിക്കുന്നു.

എല്ലാ വികസന പദ്ധതികളേയും എതിര്‍ക്കുന്നവരാണ് ഇപ്പോള്‍ നാട് ആര്‍ജിച്ച വികസനങ്ങളുടെ പേരില്‍ മേനി നടിക്കുന്നു. എന്തിനേയും എതിര്‍ക്കുന്ന സമീപനമാണ്. ഇ ശ്രീധരനെ പോലുള്ള ലോകം ആദരിക്കുന്നവരെ വരെ നാട്ടില്‍ നിന്ന് ഓടിച്ചവരാണ് വികസന ലക്ഷ്യം പറയുന്നത്.

കോവിഡ് കാലം കൊണ്ട് രക്ഷപ്പെട്ട ഒരേയൊരാള്‍ ധനമന്ത്രി തോമസ് ഐസക്കാണ്. സ്വന്തം കഴിവ്‌കേട് കൊണ്ട് ട്രഷറി തകര്‍ന്നിരിക്കുകയായിരുന്നു. ഇപ്പോള്‍ കോവിഡിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ഐസക്കിന്റെ ശ്രമം. ഏറ്റവും കൂടുതല്‍ കടമെടുത്ത മുടിയനായ പുത്രനാണ് തോമസ് ഐസക്ക്.

രണ്ടര ലക്ഷം കോടി കടമുണ്ട് കേരളത്തിന്. വരുംവര്‍ഷത്തില്‍ ഒരു ലക്ഷം കോടി കൂടി കടമെടുക്കും. വരുംസര്‍ക്കാരുകള്‍ക്കും ഈ കടം വീട്ടാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാവാന്‍ പോകുന്നത്.

കാര്‍ഷിക മേഖല തകര്‍ന്നു. പൊതു മേഖല ലാഭത്തില്‍ എന്നത് ശുദ്ധ നുണയാണ്. തുടക്കത്തില്‍ ചെറിയ ലാഭം കൈവരിക്കാന്‍ ചില സ്ഥാപനങ്ങള്‍ക്കായി എന്നാല്‍ ഇപ്പോഴവ വന്‍ നഷ്ടത്തിലാണ്. എപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും മുഖ്യമന്ത്രി നേട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപം ഉറപ്പായി എന്നു പറഞ്ഞിട്ട് ഒരു രൂപയുടെ നിക്ഷേപം വന്നില്ല.

വന്‍ നികുതി ബാധ്യതയാണ് ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ചത്. ശാസ്ത്രീയ അഴിമതി നടത്താന്‍ പരിശലനം ലഭിച്ചവരാണ് ഭരണത്തിലുള്ളത്. സ്പ്രിംഗ്‌ളര്‍ പോലുള്ള അഴിമതി കോവിഡ് ദുരന്ത സമയത്തും നടത്താന്‍ നോക്കി.

മുഖ്യമന്ത്രിയുടെ വകുപ്പുകളായ പൊലീസിലും ഐടിയിലുമാണ് കൂടുതല്‍ അഴിമതികള്‍ നടക്കുന്നത്. കോവിഡ് കാരണമാണ് പല അഴിമതികളും ഇപ്പോള്‍ വാര്‍ത്തയാവാത്തത്. മാര്‍ക്ക് ദാനം പോലുള്ള പരിപാടികള്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായി. കിഫ്ബി അഴിമതിക്കും ധൂര്‍ത്തിനും ഉള്ളതായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Most Popular

Recent Comments