സംസ്ഥാനത്ത് വലിയ തോതിലുള്ള വികസന വളര്‍ച്ച നേടിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വസ്തുതാവിരുദ്ധമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. വികസന മുരടിപ്പ് മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയാണ് ഇവിടുള്ളത്. കടക്കെണിയിലാണ് സംസ്ഥാനം. പിറന്നു വീഴുന്ന ഒരോ കുഞ്ഞും ലക്ഷങ്ങളുടെ ബാധ്യതയിലാണ്.
അഴിമതിക്കും ധൂര്‍ത്തിനും വോട്ട് ചോദിച്ചാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അഴിമതിയും ധൂര്‍ത്തും തുടരുകയാണ്. ഗവ.ചീഫ് വിപ്പ് തസ്തികക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതേ നയം തുടര്‍ന്നു. മന്ത്രിമാരുടെ എണ്ണത്തിലും കുറവുണ്ടായില്ല. മുന്‍ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒന്നും ഉണ്ടായില്ല. വിജിലന്‍സ് കൂട്ടിലെ തത്ത തന്നെയായി.
കിഫ്ബി അഴിമതി കൂടാരമാണ്. ഒരു പരിശോധനയും പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. ദേശീയ പാത വികസനം സംസ്ഥാന അക്കൗണ്ടില്‍ പെടുത്തുന്ന മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരാണ് ഇവയെല്ലാം നടപ്പാക്കുന്നത്. കൂടംകുളം പദ്ധതി തടയാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിലപാട് എല്ലാവര്‍ക്കും അറിയാം. അവസാനം പവര്‍ഗ്രിഡ് കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയ ശേഷമാണ് പദ്ധതി നടപ്പാക്കാനായത്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നില്ലെന്ന ആരോപണം വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണ്. കേരളത്തിന്റെ കഴിവ് കേട് കൊണ്ടു മാത്രമാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നത്. റവന്യു കമ്മി നികത്താന്‍ പണം നല്‍കിയ സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉളളത്. തൊഴിലുറപ്പ് പദ്ധതിക്ക് മുന്‍കൂര്‍ പണം നല്‍കി. നബാര്‍ഡും കേരളത്തിന് കയ്യഴിഞ്ഞ് സഹായം നല്‍കി. വായ്പാ പരിധി ഉയര്‍ത്തിയതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണ്.
കേന്ദ്രം നല്‍കുന്ന സഹായങ്ങള്‍ വഴി മാറ്റി ചെലവഴിക്കുകയാണ് കേരളം. പാവപ്പെട്ടവരെ സഹായിക്കുന്ന ഇന്‍ഷൂറന്‍സ്, ആരോഗ്യ, കാര്‍ഷിക, ഭവന പദ്ധതികളെയൊക്കെ അവഗണിക്കുകയാണ് സംസ്ഥാനം.
ലോക കേരള സഭ രണ്ടുതവണ കോടികള്‍ ചെലവഴിച്ച് നടത്തി. എന്നാല്‍ ഒരു നിക്ഷേപവും വന്നില്ല. നാല് വര്‍ഷത്തില്‍ വന്ന വ്യാവസായങ്ങളെ കുറിച്ച് ധവള പത്രം ഇറക്കണം. എത്ര വ്യവസായികള്‍ ഇവിടെ നിക്ഷേപമിറക്കി. മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തില്‍ നിക്ഷേപം ഇറക്കിയവര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ്.
കേരളം സമ്പൂര്‍ണ തകര്‍ച്ചയിലാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടി മാത്രമാണ് ഇവിടുത്തെ സര്‍ക്കാര്‍. കേന്ദ്രസഹായമില്ലെങ്കില്‍ ഇവിടെ ട്രഷറി ബാന്‍ വന്നേനെ. സംസ്ഥാനങ്ങളുടെ ഭക്ഷ്യസുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ സമരം നടത്തിയ കാലമൊക്ക ഇവിടുണ്ടായിരുന്നു. ഇപ്പോള്‍ ചോദിക്കുന്നതിലും അധികമാണ് സഹായം.
കാലങ്ങളായി നേടിയെടുത്ത ആരോഗ്യരംഗത്തെ മികവിന്റെ പേരില്‍ നാം ഒന്നാമതാണ് എന്ന അവകാശവാദമൊക്കെ ബാലിശമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.