ഉംപുണ്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന പശ്ചിമബംഗാളിലേക്ക് പ്രധാനമന്ത്രി എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.
വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ എത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്ടറില്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഒഡീഷയും സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
നേരത്തെ രണ്ടു പ്രാവശ്യം പ്രധാനമന്ത്രി നേരിട്ട് ഫോണ്‍ വിളിച്ചിട്ടും ദീദി എടുത്തില്ലെന്ന വാര്‍ത്തയുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് അയച്ച ഉന്നതതല സംഘത്തെ മുറിയില്‍ നിന്നിറക്കാതെയും സന്ദര്‍ശനത്തിന് തടസ്സം നിന്നും വാര്‍ത്തയാക്കിയിരുന്നു മമത ബാനര്‍ജി. കോവിഡ് കണക്കുകള്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന പരാതിയും പലതവണ പറഞ്ഞു കേന്ദ്രസര്‍ക്കാര്‍. പക്ഷേ ദീദിയുടെ ആവശ്യം കേട്ടയുടനെ ബംഗാള്‍ സന്ദര്‍ശനത്തിന് മോദി തയ്യാറായി.