0

മലയാളത്തിന്റെ മഹാനാടന് ഇന്ന് അറുപതാം പിറന്നാള്‍. വിവിധങ്ങളായ ഭാവങ്ങളിലൂടെ വേഷപ്പകര്‍ച്ചകളോടെ മലയാളിയെ വിസ്മയിപ്പിച്ച മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇന്ന് ഷഷ്ടി പൂര്‍ത്തി ആഘോഷിക്കുകയാണ്.

1978ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തുടങ്ങിയ സിനിമാ ജീവിതം ഇന്ന് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന് ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയിലും കുഞ്ഞാലിമരക്കാറിലും ഒക്കെ എത്തിനില്‍ക്കുന്ന നടന വിസ്മയം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ പിന്നീട് മലയാളിയുടെ ഹൃദയം കവര്‍ന്നു. അല്‍പ്പം ചരിഞ്ഞ നടപ്പ്, മുണ്ടു മടക്കി കുത്തി പൗരുഷത്വത്തിന്റെ മഹാ പ്രതീകം, മുണ്ടഴിച്ചുള്ള സ്റ്റണ്ട്, മനം നിരക്കുന്ന ഗാന രംഗങ്ങള്‍, ആരേയും കൊതിപ്പിക്കുന്ന പ്രണയ സീനുകള്‍..വിശേഷങ്ങള്‍ മതിയാവില്ല. ഈ നടന്.

മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം രണ്ടു തവണ സ്വന്തമാക്കിയ മോഹന്‍ലാലിന് നാല് ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 9 തവണ സംസ്ഥാന ബഹുമതികള്‍, പത്മശ്രീ, പത്മഭൂഷണ്‍..പുരസ്‌ക്കാരങ്ങളും ബഹുമതികളും ഈ മനുഷ്യനെ എപ്പോഴും തേടിയെത്തി.

ഇതിനിടെ ലഫ്റ്റനന്റ് കേണല്‍ പദവിയോടെ ടെറിറ്റോറിയല്‍ ആര്‍മിയിലും എത്തി.

ലാലേട്ടന് പ്രായമില്ല, ഒരുപാട് പ്രായം കൂടിയവര്‍ക്കും കുഞ്ഞു കുട്ടികള്‍ക്കും ലാലേട്ടനാണ്. അതേ.. 60 ന്റെ ചെറുപ്പാണ് മോഹന്‍ലാലിന്. മലയാളത്തിന്റെ ഈ മഹാനടന് മലയാളി ഡസ്‌ക്കിന്റേയും ആശംസകള്‍.