മുഖ്യമന്ത്രിക്ക് പിടിവാശി

0

സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. ബസ് – വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതും മദ്യശാല തുറക്കാനുള്ള തീരുമാനവും പരീക്ഷ നടത്താനുള്ള തീരുമാനമെല്ലാം ജനദ്രോഹമാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു.

ദുരിതകാലം സര്‍ക്കാര്‍ കൊയ്ത്തുകാലമായാണ് കാണുന്നതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ദുരിതകാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. ബസ് ചാര്‍ജിന് പുറമെ വൈദ്യുതി നിരക്കും ഉയര്‍ത്തി. കോവിഡിന്റെ മറവില്‍ സ്പ്രിങ്ക്‌ളര്‍ അഴിമതിയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ല.

എസ്എസ്എല്‍സി , ഹയര്‍ സെക്കന്ററി പരീക്ഷാ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ലക്ഷക്കണക്കിന് കുട്ടികളുടെ ജീവന്‍ വെച്ച് പന്താടരുത്. പിടിവാശിയാണ് മുഖ്യമന്ത്രിക്ക്. സംസ്ഥാനത്തെ മദ്യശാലയാക്കാനാണ് നീക്കം, വന്‍ അഴിമതിയാണ് മദ്യശാല സ്വകാര്യവത്ക്കരണത്തില്‍ നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് ദുരിതകാലത്ത് ഒരു ഘട്ടത്തിലും പ്രതിപക്ഷത്തെ സര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനാല്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രവാസികളെ കൊണ്ടുവരുന്നതില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ അവരോട് അനാസ്ഥയാണ് കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു നേതാക്കള്‍.