0

ബംഗളുരുവില്‍ നിന്ന് കെപിസിസി ഏര്‍പ്പെടുത്തിയ ബസില്‍ കോട്ടയത്തെത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തുവെന്ന് കോട്ടയം പൊലീസ് അറിയിച്ചു. അടൂര്‍ സ്വദേശി വിനോദ്, നെടുമുടി പൊങ്ങ സ്വദേശി ജീവന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

കോവിഡ് പ്രപതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയത്ത് എത്തിയതിനാണ് കേസെടുക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു ബസ് ഡ്രൈവര്‍. പൊലീസില്‍ ബന്ധപ്പെട്ടാല്‍ നാട്ടിലെത്താനുള്ള പാസ് ലഭിക്കുമെന്ന് യാത്രക്കാരോട് ഡ്രൈവര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരാണെന്ന് അറിയുന്നത്. ഇതോടെ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബസ് പിന്നീട് പൊലീസ് പിടിച്ചെടുത്തു.

എന്നാല്‍ സംസ്ഥാന അതിര്‍ത്തി വരെ മാത്രമേ തങ്ങള്‍ ഏര്‍പ്പെടുത്തിയ ബസില്‍ യാത്രക്കാരെ കൊണ്ടുവന്നിട്ടുള്ളൂ എന്ന് കെപിസിസി അറിയിച്ചു. അവിടെ നിന്ന് യാത്രക്കാര്‍ സ്വന്തമായാണ് യാത്ര ചെയ്തതെന്നും അറിയിപ്പിലുണ്ട്.