HomeKeralaകണ്ണന്താനത്തിനെതിരെ 'ബെഫി'

കണ്ണന്താനത്തിനെതിരെ ‘ബെഫി’

മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനം കഴിഞ്ഞ ദിവസം ഒരു ടി.വി.ചാനൽ ചർച്ചാ വേളയിൽ, ബാങ്കു ജീവനക്കാരെക്കുറിച്ച് നടത്തിയ നിരുത്തരവാദിത്വപരമായ  പ്രസ്താവനയിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു.  കേന്ദ്ര മന്ത്രിസഭയിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നിരുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന കേന്ദ്ര സർക്കാർ തുടർന്നു പോരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളുടെ മറ്റൊരു രൂപമായി മാത്രമേ കാണാനാകൂ.

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ബാങ്കിംഗ് നയങ്ങൾ നടപ്പിലാക്കുക എന്നത് മാത്രമാണ് ബാങ്കുകളിലെ ജീവനക്കാരുടെ കടമ. കേന്ദ്ര സർക്കാർ 2016 ൽ നടപ്പിലാക്കിയ വികലമായ നോട്ടു നിരോധന വേളയിൽ രാപ്പകൽ ഭേദമന്യേ വിശ്രമമില്ലാതെ പണിയെടുത്തവരാണ് ബാങ്ക് ജീവനക്കാർ. നൂറു കണക്കിന് സാധാരണക്കാരോടൊപ്പം നിരവധി ബാങ്ക് ജീവനക്കാർക്കും നോട്ടു നിരോധന വേളയിൽ ജീവൻ നഷ്ടപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ കുത്തക പ്രീണന നയങ്ങൾ ബാങ്കിംഗ് മേഖലയിലുണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങൾ വിവർണനാതീതമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ബാങ്കുകൾ എഴുതി തള്ളിയത്  267497 കോടി രൂപയാണ്. പുതിയ പാപ്പർനിയമപ്രകാരം (IBC) ഹെയർകട്ടിനത്തിൽ ഇതിനേക്കാളേറെ സംഖ്യ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.

കൊറോണ രോഗവ്യാപന പശ്ചാത്തലത്തിലും സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ബാങ്ക് ശാഖകളിൽ ആത്മാർത്ഥതയോടെ പണിയെടുക്കുന്നവരാണ് ബാങ്ക് ജീവനക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിരവധി ബാങ്ക് ജീവനക്കാർ കൊറോണ രോഗബാധിതരായി. ചിലർക്ക് ജീവഹാനി പോലും സംഭവിച്ചു. ഇത്തരം സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴാണ് മുൻ മന്ത്രി കൂടിയായ അൽഫോൺസ് കണ്ണന്താനം ബാങ്ക് ജീവനക്കാരെയാകെ അവഹേളിക്കുന്ന രീതിയിലുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം തൊഴിലാളികളാണെന്നും അത് കൊണ്ട് തൊഴിൽ അവകാശങ്ങൾ റദ്ദുചെയ്യണമെന്നുമുള്ള കേന്ദ്ര സർക്കാരിൻ്റെയും ചില സംസ്ഥാന സർക്കാരുകളുടെയും നയസമീപനങ്ങളുടെ ഭാഗമായി മാത്രമേ കണ്ണന്താനത്തിൻ്റെ പ്രഖ്യാപനത്തെയും കാണാനാകൂ. നിരുത്തരവാദിത്വപരമായ പ്രസ്താവന ഉടൻ പിന്‍വലിക്കണമെന്നും ബെഫി പ്രസിഡണ്ട് ടി നരേന്ദ്രനും ജനറല്‍ സെക്രട്ടറി എസ് എസ് അനിലും പ്രസ്താവനയില്‍ പറഞ്ഞു.

Most Popular

Recent Comments