ഇളവുകള്‍ ‘പണി’ തന്നോ

0

രാജ്യത്ത് കോവിഡ് കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കുതിക്കുന്നതിന് ഇടയാക്കിയത് ഇളവുകളാണോ .. ആരോഗ്യ മേഖലയിലും കേന്ദ്ര സര്‍ക്കാരിലും ഈ ചോദ്യം ഉയരുന്നു. ജനജീവിതം സുഗമമാക്കാന്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ തിരിച്ചടിയായെന്നാണ് പുതിയ വിലയിരുത്തല്‍.

ഇന്നലെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പല മുഖ്യമന്ത്രിമാരും ഇക്കാര്യം പങ്കുവെച്ചു. ഇളവുകള്‍ നല്ഡകാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്ന ആവശ്യവും പലരും മുന്നോട്ട് വെച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് കേരളത്തിന്റേയും നിലപാട്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70000 കടന്നു. അടുത്ത 15 ദിവസത്തിനകം എണ്ണം ഒരു ലക്ഷം കവിയുമെന്നാണ് കരുതുന്നത്. രോഗവ്യാപനത്തോത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും വിധമാണിപ്പോള്‍.

ചെറിയ ഇളവുകള്‍ പോലും ജനം കൂടുതലായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടം കൂടരുതെന്ന നിര്‍ദേശം പലപ്പോഴും ലംഘിക്കപ്പെടുന്നു. കടകളില്‍ പോകാന്‍ നല്‍കുന്ന ഇളവുകള്‍ പലരും ദുരുപയോഗം ചെയ്യുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നോ ഇതര ജില്ലകളില്‍ നിന്നോ വരുന്നവരും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല. ഇതോടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും മതിയായ ഫലം ലഭിക്കാത്തതെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ നാലാം ഘട്ടം പ്രഖ്യാപിക്കുകയാണെങ്കില്‍ ഇക്കാര്യം കൂടി പരിഗണിച്ചുള്ള മാര്‍ഗനിര്‍ദേശവും ഉണ്ടാകും. ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം മിക്കവാറും സംസ്ഥാനങ്ങള്‍ക്ക് തന്നെയാകും.