യുഎഇയിലെ കോവിഡ് 19 രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ഉള്‍പ്പെടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള 88 അംഗ മെഡിക്കല്‍ സംഘം പുറപ്പെട്ടു. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനു കീഴിലുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘത്തെ ദുബായിലേക്ക് അയക്കുന്നത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് രാവിലെ 11 ന് പുറപ്പെടുന്ന സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വൈകുന്നേരം മൂന്നിന് ദുബായിലേക്ക് പോകും. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക വിമാനത്തിലാകും യാത്ര.
കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചും വിമാനത്തിനുള്ളില്‍ സാമൂഹ്യ അകലം പാലിച്ചുമായിരിക്കും സംഘത്തിന്റെ യാത്ര. മെഡിക്കല്‍ സംഘത്തിന്റെ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് പദ്ധതിക്കുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പിന്തുണയുടെ ഭാഗമായാണ് മെഡിക്കല്‍ സംഘത്തിനെ അയക്കുന്നത്.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയാറാക്കിയ ആശുപത്രികളിലാകും ഇനി വരുന്ന മൂന്ന് മുതല്‍ ആറു മാസക്കാലം ഇവര്‍ സേവനം അനുഷ്ടിക്കുക. അതിന് ശേഷം സ്വന്തം സ്ഥാപനങ്ങളില്‍ ഇവര്‍ തിരികെ ജോലിക്ക് പ്രവേശിക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അധികൃതര്‍ അറിയിച്ചു.