അയല്‍ സംസ്ഥാനങ്ങളിലേക്ക് ബസ്സുകള്‍ അയക്കണം: കെ സുരേന്ദ്രന്‍

0

അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് കേരളത്തില്‍ നിന്ന് ബസ്സുകള്‍ അയക്കാന്‍ കേരളാ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ കള്ളക്കളിയാണ് നടത്തുന്നതെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ടതില്ലെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട് മനുഷ്യത്വരഹിതവും സാധാരണക്കാരോടുള്ള വെല്ലുവിളിയുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാന്‍ ഒരു പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഗതാഗതമന്ത്രിയുടെ വാക്കുകള്‍. മലയാളികളെ തിരികെ കൊണ്ടുവരാന്‍ അതാത് സംസ്ഥാനങ്ങള്‍ തമ്മില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. പിന്നെ എന്തിനാണ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നിരന്തരം കത്തെഴുതുന്നതെന്ന് വ്യക്തമാക്കണം. ഇത് ജനങ്ങളെ പറ്റിക്കുന്നതാണ്.

പല സംസ്ഥാനങ്ങളും അവരുടെ സംസ്ഥാനത്തുള്ളവരെ ദല്‍ഹിയടക്കമുള്ളയിടങ്ങളില്‍ നിന്ന് കൊണ്ടുപോകാന്‍ ബസ്സുകളയച്ചുകൊടുത്തത് നമ്മള്‍ കണ്ടതാണ്. കേരളത്തിനും ആ മാര്‍ഗ്ഗം അവലംബിക്കാമെന്നിരിക്കെ  എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

വിദേശത്തുള്ള പ്രവാസികള്‍ എത്തുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ഒരു തയ്യാറെടുപ്പും സംസ്ഥാനത്ത് നടത്തിയിട്ടില്ല. ഇന്നലെ ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയപ്പോഴും സത്യവാങ്മൂലം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സാവകാശം ചോദിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്.
വിദേശത്തുള്ള മലയാളികള്‍ക്ക് ഇനി തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും. ആവശ്യമായ കാര്യങ്ങള്‍ ഒന്നും ചെയ്യാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിര്‍ത്തിയിലെത്തുന്ന മലയാളികള്‍ പാസ്സിലെ അവ്യക്തതയുടെ പേരില്‍ കഷ്ടപ്പെടുന്നത് ചീഫ് സെക്രട്ടറിയുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥമൂലമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു