രാജ്യത്തിന് സൈന്യത്തിന്റെ ആദരം; സ്‌നേഹമായി പുഷ്പവൃഷ്ടി

0

കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ജീവന്മരണ പോരാട്ടത്തില്‍ പങ്കെടുക്കുന്നവരെ ആദരിച്ച് സൈന്യം. കര-നാവിക-വ്യോമ വിഭാഗങ്ങള്‍ സംയുക്തമായാണ് രാജ്യത്തെ ജനങ്ങളെ ഒന്നാകെ ആദരിക്കുന്നത്, രാവിലെ ഒമ്പതിന് കശ്മീരില്‍ നിന്ന് വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നുയര്‍ന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആശുപത്രികള്‍ക്ക് മുകളില്‍ സൈനിക ഹൈലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തുന്നുണ്ട്. കശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ഗുജറാത്തിലെ കച്ച് മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ദിബ്രുഗഡ് വരെയും സൈനിക വിമാനങ്ങള്‍ പറന്ന് പുഷ്പവൃഷ്ടി നടത്തും.

ഇതോടനുബന്ധിച്ച് നാവിക സേന കപ്പലുകള്‍ ലൈറ്റുകള്‍ തെളിയിച്ചും ആദരവ് പ്രകടിപ്പിക്കും. കര സേനയുടെ ബാന്റ് സംഘങ്ങള്‍ വിവിധ പൊലീസ് ആസ്ഥാനങ്ങള്‍ക്ക് മുന്നിലും ആശുപത്രികള്‍ക്ക് മുന്നിലും സംഗീത മഴ പെയ്യിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ രാജ്ഭവന് മുകളിലൂടെ താഴ്ന്ന് പറന്ന യുദ്ധ വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തി. പ്രധാന കോവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പങ്ങള്‍ വിതറുമ്പോള്‍ താഴെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൊക്കെയും മധുരവും നല്‍കിയും ആദരിച്ചു.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് എത്തിയ സൈനിക മേധാവികള്‍ പൊലീസ് ആദിവ് അര്‍പ്പിച്ചു. കേക്കും മധുരവും പൊലീസ് സേനാംഗങ്ങള്‍ക്ക് വിതരണം ചെയ്തു. സൈന്യത്തിന്റെ മെമന്റോ ഡിജിപി ഏറ്റുവാങ്ങി. ജനറല്‍ ആശുപത്രിക്കും മെഡിക്കല്‍ കോളേജ് ആശുപത്രിക്കും മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി.

കൊച്ചി നാവിക ആസ്ഥാനത്ത് നിന്ന് പറന്നുയര്‍ന്ന ഹെലികോപ്ടറുകള്‍ കോവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.

ചെന്നൈ അടക്കമുള്ള പല നഗരങ്ങളും പ്രധാന ചടങ്ങുകള്‍ ഉച്ചതിരിഞ്ഞാണ്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഉച്ചകഴിഞ്ഞാണ് ചടങ്ങ്.