സര്‍ക്കാരിന് തിരിച്ചടി; സാലറി കട്ടിന് സ്റ്റേ

0

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള പ്രത്യേക ഉത്തരവാണ് രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവ് നിയമപരമല്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഇടപെടല്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ നിയമപരമല്ലാത്ത ഉത്തരവ് അംഗീകരിക്കാനാവില്ല. ശമ്പളം ജീവനക്കാരുടെ അവകാശം ആണ്. നിയമപരമായി മാത്രമെ ഇത്തരം കാര്യങ്ങള്‍ കാണാനാകൂ. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവെക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുക എന്ന് വ്യക്തമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വിധി കേരളത്തിന് മാത്രമല്ല ബാധകമെന്നും മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും ബാധകമാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിന് എതിര്‍ക്കാന്‍ എന്തും ചെയ്യുന്ന ഒരു കൂട്ടരുണ്ടന്ന് തെളിഞ്ഞിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്ന നടപടിയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും നിരാശയുണ്ടെന്നും മന്ത്രി പറഞ്ഞു.