പ്രഭാകരാ… മാപ്പ് പറഞ്ഞ് ദുല്‍ഖര്‍

0

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ നായയെ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം പ്രഭാകരാ എന്ന് വിളിച്ചത് വിവാദത്തിലായി. തമിഴ്‌നാട്ടിലാണ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ഇതോടെ മാപ്പ് പറഞ്ഞ് നിര്‍മാതാവ് കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി.

എല്‍ടിടിഇ നേതാവായിരുന്ന പ്രഭാകരനെ ഇന്നും ആരാധിക്കുന്നവരാണ് തമിഴ് ജനത. അതുകൊണ്ട് തന്നെ നായയെ പ്രഭാകരാ എന്നു വിളിക്കുന്നത് അവരെ അവഹേളിക്കുന്നുതിന് തുല്യമാണെന്നാണ് ഒരു വിഭഗത്തിന്റെ ആരോപണം. സാമൂഹ്യമാധ്യമങ്ങളില്‍ ദുല്‍ഖറിനും സംവിധായകന്‍ അനൂപ് സത്യനും എതിരെ ചീത്തവിളി കൂടിയതോടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ മാപ്പ് പറഞ്ഞത്.

മലാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്ന് കടമെടുത്തതാണ് പ്രഭാകരാ എന്ന വിളിയെന്ന് ദുല്‍ഖര്‍ പറഞ്ഞു. മലയാളികളുടെ മനസില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നതാണ് തിലകന്‍ അവതരിപ്പിച്ച കഥാപാത്രം കരമന ജനാര്‍ദനന്‍ നായരെ വിളിക്കുന്ന പ്രഭാകരാ എന്ന വിളി. തമിഴ് ജനതയെ താഴ്ത്തികെട്ടാന്‍ ശ്രമിച്ചിട്ടില്ല. സിനിമ കാണാത്തവരാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. തന്റെയും അനൂപിന്റേയും കുടുംബത്തെ ഒന്നടങ്കം അപമാനിക്കുന്നത് ഏറെ വേദന ഉണ്ടാക്കിയെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.