കോവിഡ് വൈറസിനെ ഭയന്ന് ആളുകൾ വീടുകളിൽ ഒതുങ്ങുമ്പോൾ പുതുതായി പണികഴിച്ച സ്വന്തം വീട് തന്നെ ഐസൊലേഷൻ വാർഡിനായി പ്രയോജനപ്പെടുത്താൻ വിട്ടുനൽകിയിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി തറയിൽ ഖാദർ യൂസഫ്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഖാദർ യൂസഫ് തന്റെ മക്കൾക്കായി പണിത വീട് പ്രവാസികൾക്ക് ഐസോലേഷൻ സൗകര്യം ഒരുക്കുന്നതിനായി നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
ആധുനിക സൗകര്യങ്ങളോടുകൂടിയ വീട്ടിൽ രണ്ട് നിലകളിലായി നാല് മുറികളും, രണ്ട് ഹാളുമുണ്ട്. ”സർക്കാരിനോട് നമുക്കും കടമകളുണ്ട്. അങ്ങനെയൊരു തോന്നലിലാണ് വീട് ഐസോലേഷൻ വാർഡാക്കാൻ തീരുമാനിച്ചത്”യൂസഫ് പറയുന്നു. കുടുംബസമേതം വിദേശത്ത് താമസിക്കുകയാണ് യൂസഫ്. നാട്ടിൽ വരുമ്പോഴൊക്കെ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളാകാറുണ്ട്. കുടുംബാംഗങ്ങളോടൊപ്പം വീടിന്റെ താക്കോൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയ്ക്ക് കൈമാറി. വാർഡ് മെമ്പർ ശ്രീദേവി ദിനേഷും ചടങ്ങിൽ പങ്കെടുത്തു. യൂസഫിന് അഭിനന്ദനങ്ങൾ നേർന്നതിന് ശേഷം, തൊട്ടടുത്ത ദിവസം തന്നെ സന്നദ്ധ പ്രവർത്തകരെത്തി വീട് അണുവിമുക്തമാക്കി താമസത്തിന് സജ്ജമാക്കുമെന്ന് എംഎൽഎ അറിയിച്ചു.