സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൈറ്റിന്റെ ‘അവധിക്കാല സന്തോഷങ്ങള്‍’

0

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാനോ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനോ ആവാത്ത സ്ഥിതിയാണ്. ഇതോടെ മതിയായ വിനോദമോ സന്തോഷമോ കിട്ടാതെ മാനസിക സമ്മര്‍ദ്ദത്തിലായ കുട്ടികള്‍ക്കായി പുതിയ വഴി തുറക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൈറ്റ്.  കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും വിനോദത്തിലൂടെ രസകരമായി പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആയാണ് ‘അവധിക്കാല സന്തോഷങ്ങള്‍’ എന്ന പേരില്‍ സമഗ്രയില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

 

‘സമഗ്ര’ വിഭവപോര്‍ട്ടലിലും, കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിലും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടോക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രത്യേക സംവിധാനം എസ്.സി.ഇ.ആര്‍.ടിയുമായി സഹകരിച്ച്‌ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഒന്നാം ഘട്ടം എന്ന നിലയില്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും പ്രവര്‍ത്തിക്കുന്ന പഠന സാമഗ്രികള്‍ തയ്യാറാക്കി കുട്ടികള്‍ക്കുള്ള റിസോഴ്‌സുകള്‍ (e-Resources for Kids), പഠനവിനോദങ്ങള്‍ (Edutainment) എന്നീ പേരുകളില്‍ ‘സമഗ്ര’പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഉള്‍പ്പെടെയുളള സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ സൗകര്യങ്ങള്‍ പരമാവധി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ ഡിപിഐ പുറപ്പെടുവിച്ചു. .

1. ‘സമഗ്ര’ ഡിജിറ്റല്‍ വിഭവപോര്‍ട്ടലില്‍ (samagra.kite.kerala.gov.in ) ‘അവധിക്കാല സന്തോഷങ്ങള്‍’ എന്നപേരില്‍ 5 മുതല്‍ 9വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന വിഭവങ്ങള്‍ പരമാവധി കുട്ടികളില്‍ എത്തിക്കേണ്ടതാണ്. അതിനായി എല്ലാ അധ്യാപകരും (ക്ലാസ് ചുമതലയുളള അധ്യാപകര്‍ പ്രത്യേകിച്ചും) പ്രസ്തുത വിഭവങ്ങള്‍ പരിചയപ്പടേണ്ടതും ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് കുട്ടികള്‍ക്ക് (വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെ ടെ സംവിധാനങ്ങള്‍ ഉപയോഗിച്ച്) നല്‍കേണ്ടതുമാണ്.

2. ഓരോ സ്‌കൂളിലേയും എല്ലാ അധ്യാപകരും ഈപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെ ടുന്നതിനും പരമാവധി കുട്ടകള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും അതത് പ്രഥമാധ്യാപകര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കേണ്ടതും അത് ഉറപ്പുവരുത്തേണ്ടതുമാണ്.

3. ‘സമഗ്ര’ പോര്‍ട്ടലില്‍ ‘അവധിക്കാല സന്തോഷങ്ങള്‍’ എന്ന ലിങ്കില്‍ കുട്ടികള്‍ക്കുള്ള റിസോഴ്‌സുകള്‍ (e-Resources for Kids), പഠനവിനോദങ്ങള്‍ (Edutainment) എന്നീ പേരുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉള്ളടക്കത്തെ അടിസ്ഥാനമാക്കി നിലവില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യുന്നതിനുളള സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നതിനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

4. ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുന്ന പഠനവിഭവങ്ങള്‍ നിലവില്‍ പ്രയോജനപ്പെടുത്തുന്നതിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പിന്നീട് ഇതിനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ ഒരുക്കേണ്ടതാണ്.

5. സൂചനപ്രകാരമുളള സര്‍ക്കാര്‍ ഉത്തരവിന്റെ ഖണ്ഡിക 10 പ്രകാരം എസ്സിഇആര്‍ടി യും കൈറ്റും സംയുക്തമായി അംഗീകരിച്ച ഉള്ളടക്കം മാത്രമെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട്‌ തന്നെ സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ തയ്യാറാക്കിയ ഉത്പന്നങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക അനുമതി കൂടാതെ അധ്യാപകര്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ നല്‍കാന്‍ പാടില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

6. സൂചനയിലെ സര്‍ക്കാര്‍ ഉത്തരവിന്റെ ഖണ്ഡിക 15 പ്രകാരം കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ വിദ്യാലയങ്ങളില്‍ നിന്നോ, അധ്യാപകര്‍ മുഖേനയോ ഇത്തരം കാര്യങ്ങള്‍ കൈമാറാന്‍ പാടുള്ളതല്ല. ഇത് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

7. സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പഠനപ്രവര്‍ത്തനങ്ങളും പ്രോഗ്രാമുകളും പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കുളള പ്രത്യേക പരിപാടികളും കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.

വിക്ടേഴ്‌സ് പരിപാടികള്‍ ഓണ്‍ലൈനിലും (victers.kite.kerala.gov.in ) ലഭ്യമാണ്. വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെ യ്യുന്ന പരിപാടികള്‍ കാണുന്നതിനും വിശദാംശങ്ങള്‍ കുട്ടികളിലെത്തിക്കുന്നതിനും എല്ലാ അധ്യാപകരും ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതാണെന്നും ഡിപിഐ ഇറക്കിയ ഉത്തരവില്‍ പറയുന്നു.