കര്‍ഷകര്‍ക്ക് വമ്പന്‍ സാമ്പത്തിക പാക്കേജുമായി ബംഗ്‌ളാദേശ്

0

കോവിഡ് വൈറസ് ബാധയും ലോക്ക് ഡൗണും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്കായി വമ്പന്‍ ആശ്വാസ പാക്കേജുമായി ബംഗ്ലാദേശ്. 170 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് ഇന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ 25 വരെ നീട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ നട്ടെല്ലാണ് ഇവിടുത്തെ കര്‍ഷക സമൂഹം. പ്രധാനമായും നെല്ല്, മീന്‍, പാല്‍, പക്ഷി വളര്‍ത്തല്‍, പച്ചക്കറി മേഖലകളില്‍ ലക്ഷക്കണക്കിന് കര്‍ഷകരുണ്ട്. ഇവരുടെ ദുരിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതാണ് പുതിയ സാമ്പത്തിക ആശ്വാസ പാക്കേജ്.

5900 ലക്ഷം ഡോളര്‍ കാര്‍ഷിക ലോണുകള്‍ക്കും, 110 കോടി ഡോളര്‍ വളം സബ്‌സിഡിക്കും ആയിരിക്കുമെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു. ദുരന്തങ്ങള്‍ വരും. പക്ഷേ നമ്മള്‍ അതിനെ സധൈര്യം നേരിടും. കാര്‍ഷിക മേഖല പ്രശ്‌നങ്ങളില്ലാതെ പോകുന്നുവെന്ന് രാജ്യം ഉറപ്പാക്കുമെന്നും ഹസീന പറഞ്ഞു.