ഇന്ത്യയുടെ വളര്‍ച്ച നാല് പതീറ്റാണ്ടിലെ മോശം അവസ്ഥയിലേക്കെന്ന് ലോകബാങ്ക്

0

ഇന്ത്യയടക്കമുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഏറ്റവും മോശമായ അവസ്ഥയിലേക്കെത്തുമെന്ന് ആശങ്കപ്പെടുന്നതായി ലോകബാങ്ക്. കോവിഡിനെ തുടര്‍ന്ന് മുഴുവന്‍ ലോകരാഷ്ട്രങ്ങളുടെയും സാമ്പത്തിക സ്ഥിതി വഷളാവുകയാണ്. എന്നാല്‍ ഇന്ത്യ അടക്കമുള്ള തെക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയില്‍ എത്തുമെന്നാണ് ആശങ്കയെന്ന് ലോകബാങ്കിന്റെ തെക്കന്‍ ഏഷ്യന്‍ സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു.

ആറുമാസം മുന്‍പ് 6.3 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന ഈ രാജ്യങ്ങള്‍ 1.8 മുതല്‍ 2.8 ശതമാനത്തിലേക്ക് മൂക്കുകുത്തുമെന്നാണ് കരുതുന്നത്. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 1.5 മുതല്‍ 2.8 വരെയായി താഴും. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും വളര്‍ച്ച കൂപ്പുകുത്തും. മറ്റു തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.