HomeIndiaലോക്ക് ഡൗണ്‍ നീട്ടല്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും; നിരവധി ഇളവുകളും

ലോക്ക് ഡൗണ്‍ നീട്ടല്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും; നിരവധി ഇളവുകളും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും മുന്നൊരുക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ആര്‍ക്കും ഇളവുകള്‍ നല്‍കിയിരുന്നില്ല. ജീവിതമല്ല, ജീവനാണ് പ്രധാനം എന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ നിരവധി ഇളവുകള്‍ കൂടിയുണ്ടാകും. ജീവനൊപ്പം ജീവിതവും എന്നതായിരിക്കും ഇത്തവണത്തെ മുദ്രാവാക്യം. ഇളവുകള്‍ നല്‍കാനായി രാജ്യത്തെ വിവിധ മേഖലകളായി തിരിക്കും. എന്നാല്‍ ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കില്ല.
കാര്‍ഷിക മേഖലക്കും നിര്‍മാണ മേഖലക്കും ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഇതുപോലെ രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

പശ്ചിമബംഗാള്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ ഒഡീഷക്ക് പിന്നാലെ സ്വന്തമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വൈകുംതോറും കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില ഇളവുകള്‍ ഇന്നുമുതല്‍ പ്രാവര്‍ത്തികമാവുകയാണ്. നിരവധി കടകള്‍ ഇന്ന് തുറക്കും. വര്‍ക്ക്‌ഷോപ്പുകള്‍, എസി-ഫാന്‍ കടകള്‍ മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങിയവക്ക് ഇന്ന് തുറക്കാന്‍ അനുമതി ഉണ്ട്.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയാല്‍ കേരളത്തിന്റെ പ്രഖ്യാപനവും ഉണ്ടാകും. തിങ്കളാഴ്ച ഇതിനായി പ്രത്യേക മന്ത്രിസഭ യോഗം ചേരുന്നുണ്ട്. ഇപ്പോള്‍ തന്നെ കേരളത്തില്‍ നിരവധി മേഖലകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വിപണി ചലിപ്പിക്കുന്ന ഇളവുകള്‍ ഇനിയും പ്രഖ്യാപിക്കും. എന്നാല്‍ നിയന്ത്രണങ്ങളോടെ ആയിരിക്കും എല്ലാ ഇളവുകളും. മുന്‍ ചീഫ് സെക്രട്ടറി കെ എം അബ്രഹാം കമ്മി്‌റിയുടെ ശുപാര്‍ശകളില്‍ കുറെയൊക്കെ നടപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്നുറപ്പാണ്.

Most Popular

Recent Comments