ലോക്ക് ഡൗണില്‍ തീരുമാനം ഇന്ന്; മാഹിയില്‍ കോവിഡ് മരണം

0

രാജ്യത്ത് കോവിഡ് മൂലമുള്ള മരണം 239 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് 7447 പേരാണ് നിലവില്‍ ആശുപത്രികളില്‍ ഉള്ളത്. ലോകത്ത് മരണം ഒരു ലക്ഷത്തി രണ്ടായിരത്തി അറുനൂറ്റി അറുപത്തിയേഴായി.

കോവിഡ് ബാധിച്ച് കണ്ണൂര്‍ പരിയാരം കോളേജില്‍ ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചത് കേരളത്തിന് ആശങ്കയായി. മാഹി സ്വദേശി ആണെങ്കിലും ഇയാളുടെ ഇടപഴകലുകള്‍ കണ്ണൂരിലും ഉണ്ടെന്നതാണ് കേരളത്തിന് ആശങ്ക. മാഹി ചെറുകല്ലായി സ്വദേശി 71 കാരനായ മെഹ്‌റൂഫാണ് മരിച്ചത്. തലശ്ശേരിയിലും  ഇയാള്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. മതചടങ്ങുകളിലും വിവാഹത്തിലും പങ്കെടുത്തിരുന്നു.

രാജ്യത്ത് കോവിഡ് ബാധയുടെ പേരിലുള്ള ലോക്ക് ഡൗണ്‍ നീട്ടുമോ എന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് രാവിലെ 11 മണിക്കാണ്. ഇതിന് ശേഷം കേന്ദ്രമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗവും ഉണ്ടാകും. ഇതിലുണ്ടാവുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് കൂടിയാവും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

നിലവില്‍ കോവിഡ് ബാധിച്ച മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായക്കാരാണ്. ഒറീസ, പഞ്ചാബ് സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ലോക്ക് ഡൗണ്‍ ഈമാസം 30 വരെ നീട്ടി. കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ഈ വഴിയിലാണ്. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതില്‍ കേരളത്തിനും എതിര്‍പ്പാണ്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് കേരളം ഉന്നയിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞശേഷം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന മന്ത്രിസഭ യാഗമായിരിക്കും കേരളത്തിലെ ഇളവുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും. ഐക്യരാഷ്ട്രസഭ, ലോകാരോഗ്യസഭ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും എന്ന ആശങ്കയും കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ട്. എന്നാല്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7447 ആയി ഉയര്‍ന്നത് പരിഗണിക്കാനാവില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായം.