സര്‍ക്കാരും സിപിഎമ്മും നീചരാഷ്ട്രീയം കളിക്കുന്നു: കെ സുരേന്ദ്രന്‍

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും നീചമായ രാഷ്ട്രീയ പ്രചരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്ധമായ കേന്ദ്ര വിരുദ്ധ പ്രചരണങ്ങളാണ് സിപിഎം നടത്തുന്നത്. അസത്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന തുടര്‍ച്ചയായ പ്രചരണമാണ് സിപിഎമ്മും മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തുന്നത്. പ്രളയകാലത്തും ഇതു തന്നെയാണ് നടന്നതെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്ഡിആര്‍എഫിലേയ്ക്ക് 151 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നാണ് ധനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. റവന്യൂ ചിലവ് വര്‍ദ്ധിക്കുന്നതിലെ നഷ്ടം നികത്താന്‍ 1277 കോടി രൂപ കേരളത്തിന് കേന്ദ്രം കൊടുത്തു. അതിനെക്കുറിച്ച് ധനകാര്യമന്ത്രി ഒന്നും പറയുന്നില്ല. റവന്യൂ ചെലവ് വര്‍ദ്ധിക്കുന്നത് കേന്ദ്രത്തിന്റെ കുറ്റമല്ല. അത് കേരള സര്‍ക്കാരിന്റ പിടിപ്പുകേടാണ്.
കഴിഞ്ഞ ഏഴിന് തൊഴിലുറപ്പ് പദ്ധതിക്കായി 1064 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതില്‍ ചരിത്രത്തില്‍ ആദ്യമായി 238 കോടി രൂപ മുന്‍കൂറായി അനുവദിച്ചു. കൊറോണ കാലത്ത് തുടര്‍ച്ചയായുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മുന്‍കൂറായി അനുവദിച്ചത്. 667.5 കോടി രൂപ തൊഴിലാളികള്‍ക്ക് നേരിട്ട് ശമ്പളം കൊടുക്കാനും 396 കോടി രൂപ സാധനസാമഗ്രികള്‍ വാങ്ങുന്നതിനും വേണ്ടിയാണ്. എന്നാല്‍ ധനമന്ത്രി തോമസ് ഐസക് അത് ട്രഷറിയിലേയ്ക്ക് വകമാറ്റി. കേന്ദ്രം പണം കൊടുക്കുന്നില്ല എന്ന വ്യാജ പ്രചരണം നടത്തുകയും കേന്ദ്രം നല്‍കുന്ന പണം വിനിയോഗിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്.
പ്രളയത്തിന് കേന്ദ്രത്തില്‍ നിന്നും കിട്ടിയ 4750 കോടി രൂപയില്‍ 2000 കോടി ഇതുവരെ ചെലവഴിച്ചിട്ടില്ല. ഇതില്‍ ആയിരത്തോളം കോടിരൂപ സര്‍ക്കാര്‍ പല ബാങ്കുകളിലും ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തിരിക്കുകയാണ്. യെസ് ബാങ്കില്‍ അടക്കമാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പ്രളയസമയത്ത് കേന്ദ്രത്തിനെതിരെ നടത്തിയ അതേ പ്രചരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റിന് 700 രൂപയില്‍ കൂടുതല്‍ വില വരില്ല. എന്നാല്‍ പറയുന്നത് ആയിരം രൂപയുടെ കിറ്റെന്നാണ്. ഇതിലും വലിയ തട്ടിപ്പുകളാണ് നടക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും നടക്കുന്നില്ല. കമ്മ്യൂണിറ്റി കിച്ചന്റെ പേരില്‍ വ്യാപക പരാതിയാണ് ഉയരുന്നത്. കമ്മ്യുണിറ്റി കിച്ചന്‍ ജനതാ കിച്ചണാക്കുകയാണ് ഇപ്പോള്‍. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. രാഷ്ട്രീയ പ്രേരിതമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ജനതാ കിച്ചണ്‍ നടത്തുന്നത്. മുഖ്യമന്ത്രി പിആര്‍ വര്‍ക്ക് നടത്തുന്നതല്ലാതെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല.
മുഖ്യമന്ത്രി അഞ്ച് ദിവസം മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും നടന്നിട്ടില്ല. സംസ്ഥാനത്ത് പലര്‍ക്കും അടിസ്ഥാന ആനുകൂല്യം പോലും ലഭിക്കുന്നില്ല. സംസ്ഥാനത്തിന്റെ കയ്യിലുള്ള പണം ജനങ്ങള്‍ക്കായി വിനിയോഗിക്കണം. സംസ്ഥാന മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കുറയ്ക്കണം. ആവശ്യമില്ലാത്ത തസ്തികകള്‍ ഒഴിവാക്കണം. ചെലവ് കുറച്ച് ധൂര്‍ത്ത് അസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കമ്മ്യൂണിറ്റി കിച്ചണ്‍ പസ്ഥലത്തും നിര്‍ത്തി. തുടരുന്നിടത്ത് ഭക്ഷണത്തിന്റെ അളവ് കുറച്ചു. കമ്മ്യൂണിറ്റി കിച്ചണ്‍ നിലച്ചിടത്തെല്ലാം സോവാഭാരതിയുടേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ ഭക്ഷണ പൊതികള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. സന്നദ്ധ വോളന്റിയര്‍മാര്‍ എന്നു പറഞ്ഞ് യുവജനക്ഷേമ ബോര്‍ഡ് കൊടുത്ത ഡിവൈഎഫഐക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സന്നദ്ധ പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു