വരുന്നു 1300 കോടിയുടെ രണ്ടാം സാമ്പത്തിക പാക്കേജ്; ലക്ഷ്യം ചെറുകിട വ്യവസായ വളര്‍ച്ച

0

കോവിഡില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഉണര്‍വിനായി മറ്റൊരു സാമ്പത്തിക പാക്കേജ് കൂടി വരുന്നു. 1300 കോടി രൂപയുടെ ഈ പാക്കേജില്‍ മുന്‍ഗണന കൊടുക്കുന്നത് ചെറുകിട ഇടത്തരം വ്യവസായ മേഖലക്കാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസഥര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിത്ത ശേഷം 1.70 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം 2260 കോടി രൂപയുടെ സമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിരുന്നു. രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രധാനമായും ലക്ഷ്യമിടുന്നത് ചെറുതും ഇടത്തരവുമായ വ്യവസായ വാണിജ്യ മേഖലയുടെ വളര്‍ച്ചയാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയില്‍ പ്രധാനപ്പെട്ടത് കൂടിയാണ് ഈ രംഗം. ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ നാലിലൊന്നും ഈ മേഖലയില്‍ നിന്നാണ്. ഇതിന് പുറമെ 50 കോടിയിലധികം തൊഴിലാളികളും ഇവിടെയാണ്.

പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതോടെ ബാങ്ക് ലോണുകളുടെ പരിധി ഉയരുകയും നികുതി ഇളവ് ലഭിക്കുകയും ചെയ്യും. വന്‍കിട വ്യവസായങ്ങള്‍ക്ക് വേണ്ടിയും പ്രത്യേക സാമ്പത്തിക പാക്കേജും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കൂടി ഉണര്‍വ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.