ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി ‘ഉണര്‍വ് 2025’ സംഘടിപ്പിച്ചു. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജും ഡി.എല്‍.എസ്.എ തൃശ്ശൂര്‍ സെക്രട്ടറിയുമായ സരിത രവീന്ദ്രന്‍ മുഖ്യാതിഥിയായി. ഡി.എല്‍.എസ്.എ തൃശ്ശൂര്‍ പാനല്‍ അഭിഭാഷകന്‍ അഡ്വ. ഡെസ്റ്റിന്‍ജോ ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു.
ചടങ്ങില്‍ 2025-26 വര്‍ഷത്തെ വിജയാമൃതം പുരസ്‌കാരത്തിന് അര്‍ഹമായ കെ. സാന്ദ്ര ഡേവിസിന് 10,000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും ജില്ലാ കളക്ടര്‍ കൈമാറി. ഡി.ഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം.
ചടങ്ങില്‍ ഡി.എ.ഡബ്യു.എഫ് ജില്ലാ സെക്രട്ടറി ടി.എ മണികണ്ഠന്‍, ഭിന്നശേഷി സംഘടന തൃശ്ശൂര്‍ പ്രസിഡന്റ് പി.എഫ് ജോസഫ്, വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ആര്‍. രമേശന്‍, പരിവാര്‍ തൃശ്ശൂര്‍ പ്രസിഡന്റ് എ. സന്തോഷ്, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജോയിന്റ് സെക്രട്ടറി ഹനീഫ എന്നിവര്‍ പങ്കെടുത്തു.





































