പുഴക്കലിൽ നിർമ്മാണം പുരോഗമിക്കുന്ന പാലം ഡിസംബർ 15 ന് തുറന്നുനൽകും

0

തൃശ്ശൂർ കുറ്റിപ്പുറം കെ.എസ്.ടി.പി റോഡ് നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചു. പുഴക്കലിൽ നിർമ്മാണം പുരോഗമിക്കുന്ന വലിയ പാലം ഡിസംബർ 15 ന് തുറന്നു നൽകുമെന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ അറിയിച്ചു.

പാറമേക്കാവ് മുതൽ കല്ലുംപുറം വരെയുള്ള 33 കിലോമീറ്റർ റോഡിലെ എല്ലാ നിർമ്മാണ പ്രവൃത്തികളും ഡിസംബർ 30 നകം പൂർത്തിയാക്കുമെന്നും കെ.എസ്.ടി.പി ഉദ്യോഗസ്ഥർ അറിയിച്ചു. ഡിബിഎം നിർമ്മാണവും പിക്യുസി നിർമ്മാണവും 99 ശതമാനം പൂർത്തിയായി. ഓടയുടെ നിർമ്മാണം, സംരക്ഷണ ഭിത്തി, ഷോൾഡർ ബലപ്പെടുത്തൽ, ബസ് ഷെൽട്ടർ നിർമ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഫൂട്ട്പാത്ത് നിർമ്മാണം എന്നിവ പുരോഗമിക്കുകയാണ്.

പുഴക്കലിൽ നിർമ്മാണം പുരോഗമിക്കുകയായിരുന്ന ചെറുപാലത്തിന്റെ പുരോഗതിയും കളക്ടർ വിലയിരുത്തി. ചെറുപാലത്തിന്റെ സ്ലാബ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും ചെറുപാലത്തിന്റെ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നും പ്രോജക്‌ട് മാനേജർ അറിയിച്ചു. അയ്യന്തോൾ ജംഗ്ഷൻ മുതൽ ആര്യ ഹോട്ടൽ വരെയുള്ള കോൺക്രീറ്റ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു. പാറമേക്കാവ് മുതൽ കല്ലുംപുറം വരെയുള്ള റോഡിന്റെ രണ്ടാംഘട്ട ടാറിങ് 80 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്.

നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കെ.എസ്.ടി.പി ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംയോജന സമിതി എല്ലാ മാസവും അവലോകനം നടത്തുന്നുണ്ട്. ഷൊർണ്ണൂർ – കൊടുങ്ങല്ലൂർ റോഡ് നിർമാണപ്രവൃത്തികളും അവസാന ഘട്ടത്തിലാണ്.

കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയർ കെ എം മനോജ്, കോൺട്രാക്ട് പ്രൊജക്റ്റ് മാനേജർ ശ്രീരാജ് എന്നിവർ കളക്ടറോടൊപ്പം സ്ഥലം സന്ദർശിച്ചു.