സംസ്ഥാനത്ത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ റെയില്‍വെ പൊലീസും ലോക്കല്‍ പൊലീസും ചേര്‍ന്ന് ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുക, അനധികൃതമായ പ്രവര്‍ത്തനങ്ങള്‍, മദ്യപിച്ച് യാത്ര ചെയ്യല്‍, ലഹരിക്കടത്ത്, സ്ത്രീയാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക എന്നീ ലക്ഷ്യത്തോടെ റെയില്‍വേ എസ്.പി.യുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ‘ഓപ്പറേഷന്‍ രക്ഷിത’ നടപ്പാക്കുന്നത്. ഈ നാല് മേഖലകളിലും റെയില്‍വേ ഡിവൈ.എസ്.പി.മാരുടെ മേല്‍നോട്ടത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ വിന്യസിച്ച് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ് ശക്തമാക്കി.
സേനാംഗങ്ങള്‍ സ്ത്രീകള്‍ കൂടുതലുള്ള കമ്പാര്‍ട്ട്മെന്റുകളില്‍ പ്രത്യേക പരിശോധന നടത്തും. റെയില്‍വേ സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങളിലും ട്രെയിനുകളിലും പരിശോധന കര്‍ശ്ശനമാക്കിയതിന്റെ ഭാഗമായി 38 റെയില്‍വേ സ്റ്റേഷനുകളില്‍ മദ്യപിച്ചവരെ കണ്ടെത്താനായി ആല്‍ക്കോമീറ്റര്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്.
ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവരെയും ട്രാക്കില്‍ കല്ലും മറ്റുവസ്തുക്കളും ഉപയോഗിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്.) പൊലീസും നിരീക്ഷണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ, ബോംബ് സ്‌ക്വാഡിന്റെയും നര്‍ക്കോട്ടിക് വിഭാഗത്തിന്റെയും സഹായത്തോടെ മയക്കുമരുന്നുകള്‍, നിരോധിത പുകയില ഉത്പ്പന്നങ്ങള്‍, ഹവാല പണം എന്നിവ കണ്ടെത്താനുള്ള പരിശോധനയും ശക്തമാക്കി.
കേസുകളില്‍ ഉള്‍പ്പെട്ട ശേഷം അറസ്റ്റില്‍ നിന്നും ഒഴിവായി നടക്കുന്നവരെയും വിവിധ കോടതികള്‍ വാറണ്ട് ഇഷ്യു ചെയ്തിട്ടുള്ളവരെയും കണ്ടെത്താനായുള്ള ഊര്‍ജ്ജിത ശ്രമവും ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു. സംശയകരമായ വസ്തുക്കളോ ഉപേക്ഷിക്കപ്പെട്ട ബാഗുകളോ കണ്ടെത്തിയാല്‍ ഉടന്‍ പരിശോധന നടത്താന്‍ ബോംബ് സ്‌ക്വാഡ്, കെ-9 സ്‌ക്വാഡ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും. കൂടാതെ, സ്ഥിരം കുറ്റവാളികളെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ ആക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
റെയില്‍വേ പാസഞ്ചര്‍ അസോസിയേഷനുകളും പോര്‍ട്ടര്‍മാരും കച്ചവടക്കാരും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി ‘ഐസ് ആന്റ് ഇയര്‍’ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബോധവത്ക്കരണ പരിപാടികള്‍ ഈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ നിയമസഹായത്തിന് ബന്ധപ്പെടാനുള്ള സുരക്ഷാ ആപ്പ് ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകും.
റെയില്‍വേയുടെ ചുമതലയുള്ള എ.ഡി.ജി.പി. ഇന്റലിജന്‍സ്, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഓപ്പറേഷന്‍ രക്ഷിതയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്. ഇന്റലിജന്‍സ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം ഡി.വൈ.എസ്.പി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓപ്പറേഷന്‍ രക്ഷിതയുടെ ഭാഗമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിയമ വിരുദ്ധമായി കടന്നു കയറിയത് ചോദ്യം ചെയ്ത ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ് റൂമില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലും ഒരാള്‍ അറസ്റ്റിലായി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 0.032 കി.ഗ്രാം കഞ്ചാവ് പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംശയാസ്പദമായ വസ്തുക്കളെയോ വ്യക്തികളെയോ കണ്ടാല്‍ യാത്രക്കാര്‍ക്ക് റെയില്‍ അലര്‍ട്ട് കണ്‍ട്രോള്‍ നമ്പരായ 9846200100 ലോ, എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇ.ആര്‍.എസ്.എസ്) കണ്‍ട്രോള്‍ 112 ലോ, റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പരായ 139 ലോ വിവരം നല്‍കാവുന്നതാണെന്ന് പാലക്കാട് റെയില്‍വെ പൊലീസ് ഡിവൈ.എസ്.പി അറിയിച്ചു.




































