മൂന്നു പതിറ്റാണ്ടിനു ശേഷം വനഭൂമിയിൽ പട്ടയം നൽകുന്നതിനുള്ള സംയുക്ത പരിശോധന സംസ്ഥാന വ്യാപകമായി ഞായാറാഴ്ച (നവംബർ 9) ആരംഭിക്കും. രാവിലെ പത്തിന് പീച്ചിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സംയുക്ത പരിശോധന ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
1977 മുമ്പ് വനഭൂമിയിൽ കുടിയേറിയവർക്കാണ് പട്ടയം നൽകുന്നത്. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇത്തരത്തിൽ അനുമതി ലഭ്യമാകണമെങ്കിൽ സംയുക്ത പരിശോധന നടത്തി അർഹത തീരുമാനിക്കണം. വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്ന് നടന്ന ഉദ്യോഗസ്ഥതല ചർച്ചയുടെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധനയ്ക്ക് അനുമതി ലഭ്യമായത്.
പട്ടയത്തിന് അർഹരായവരും എന്നാൽ ഇതുവരെ പല കാരണങ്ങൾ കൊണ്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയവരുമായ കുടിയേറ്റ കർഷകരുടെ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തിയിരുന്നു ഇതിൽ 60,000 ലധികം അപേക്ഷകൾ ലഭ്യമായി. ഇനി സംയുക്ത പരിശോധന നടത്തി ഇവരുടെ അർഹതയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് അപേക്ഷ സമയബന്ധിതമായി സമർപ്പിക്കും. കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഉടൻതന്നെ പട്ടയ വിതരണവും ആരംഭിക്കും.




































