ഹരിത കർമ്മസേന കഴിഞ്ഞ വർഷം ശേഖരിച്ചത് 1,52,000 ടൺ പ്ലാസ്റ്റിക്: മന്ത്രി എം.ബി രാജേഷ്

0

ഹരിത കർമ്മസേന സംസ്ഥാനത്ത് കഴിഞ്ഞ വർഷം 1,52,000 ടൺ പ്ലാസ്റ്റിക് ശേഖരിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ 30 ലക്ഷം വകയിരുത്തി 1,600 ചതുരശ്ര അടിയിൽ പണിത മെറ്റീരിയൽ കളക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് കേരളം മുഴുവൻ രണ്ട് തവണ മൂടാമെന്നതാണ് ഈ വിഷയത്തിന്റെ വ്യാപ്തി. ഹരിത കർമ്മസേന ഇല്ലെങ്കിൽ ഈ അജൈവ മാലിന്യങ്ങളൊക്കെ നമ്മുടെ പരിസരങ്ങളിലും ജലാശയങ്ങളിലും നിറയുമായിരുന്നു. എന്നാൽ ഇപ്പോഴും ചില സാമൂഹ്യ വിരുദ്ധർ മാലിന്യം വലിച്ചെറിയുന്നുണ്ട്. അവരെ വെറുതെ വിടരുതെന്നും കേരളത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ ഈടാക്കിയത് എട്ട് കോടി അമ്പത്തിയഞ്ച് ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു.

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ നിലവിൽ പണിത മെറ്റീരിയൽ കളക്ഷൻ സെന്റർ പോരാതെ വന്നത് ഈ പഞ്ചായത്തിൽ നല്ല രീതിയിൽ മാലിന്യ ശേഖരണം നടക്കുന്നു എന്നതിന് തെളിവാണ്. ഇന്ന് ഈ പഞ്ചായത്ത് ജില്ലയിൽ യൂസർ ഫീ കളക്ഷനിൽ ഒന്നാമതാണ്. നല്ല രീതിയിൽ ഹരിത കർമ്മസേന പ്രവർത്തിക്കുകയും മാലിന്യ ശേഖരണത്തോട് സഹകരിക്കുന്ന നല്ലവരായ നാട്ടുകാരും ഒത്തുചേർന്നതിന്റെ ഫലം ആണിതെന്നും മന്ത്രി പറഞ്ഞു. ചെറിയ ഗ്രാമപഞ്ചായത്ത് ആയിട്ട് കൂടി ഇത്രയും മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് ഭരണ സമിതിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ ഒരുമനയൂർ പഞ്ചായത്തിനെ മന്ത്രി അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു.