വിഷൻ 2031 വികസന സെമിനാർ ഒക്ടോബർ 25ന്

0

റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 വികസന സെമിനാറിന്റെ സംഘാടകസമിതി രൂപീകരണ യോഗം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കേരളം 2031 ൽ എങ്ങനെ ആയിരിക്കണമെന്നും, ആ കേരളത്തിൽ റവന്യൂ വകുപ്പ് ലക്ഷ്യം വെക്കുന്നത് എന്തൊക്കെ ആയിരിക്കും തുടങ്ങി വിവിധങ്ങളായ വിഷയങ്ങളായിരിക്കും വിഷൻ 2031 വികസന സെമിനാറിൽ ചർച്ച ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.

2031 ൽ കേരളത്തിൽ റവന്യൂ വകുപ്പിൻ്റെ പങ്ക് എന്തായിരിക്കും എന്നതിനെ കൃത്യമായി ഡോക്യുമെൻ്റ് ചെയ്ത് കേരളത്തിന് മുന്നിൽ വെക്കാൻ കഴിയുന്ന രീതിയിലായിരിക്കും വിഷൻ 2031 വികസന സെമിനാർ സംഘടിപ്പിക്കുക. കേരളത്തെ ആധുനികവത്കരണത്തിലേക്ക് കൊണ്ടുപോകുന്നത്തിനായ് ഏതെല്ലാം വിധത്തിലുള്ള നിയമ നിർമാണങ്ങൾ വേണം, ഏതെല്ലാം വിധത്തിലുള്ള ഭരണപരിഷ്കാരങ്ങൾ വേണം, ഏതെല്ലാം വിധത്തിലുള്ള ആധുനികവത്കരണങ്ങൾ വേണം എന്നീ കാര്യങ്ങൾ കൃത്യമായി അഭിസംബോധന ചെയ്ത് കേരളത്തിനകത്ത് റവന്യൂ വകുപ്പിന്റെ വിപ്ലവകരമായ മാറ്റത്തിന് വഴി തുറക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുക എന്നതാണ് ഈ സെമിനാറിൻ്റെ ലക്ഷ്യം.

റവന്യൂ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജനകീയ സമിതി അംഗങ്ങൾ, തുടങ്ങി വിവിധ മേഖലങ്ങളിൽ നിന്നുള്ള ഗ്രൂപ്പുകൾ ചേർന്ന് ഈ നയരേഖയിൽ അവരുടേതായ അഭിപ്രായങ്ങൾ ചേർക്കുകയും തുടർന്ന് ആ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി കേരളത്തിലെ റവന്യൂ ഭരണത്തിലെ 2031 ലേക്കുള്ള സൂചകങ്ങളായി ഈ സെമിനാർ മാറുമെന്നും ആ രീതിയിലാണ് സെമിനാർ വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ റവന്യൂ സെക്രട്ടറി എം.ജി രാജമാണിക്യം അധ്യക്ഷത വഹിച്ചു. ഒക്ടോബർ 25ന് തൃശൂർ ടൗൺ ഹാൾ ആയിരിക്കും വിഷൻ 2031 വികസന സെമിനാറിന് വേദിയാവുക. സമ്പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും വിഷൻ 2031 വികസന സെമിനാർ നടക്കുക. സംഘാടക സമിതി ചെയർപേഴ്സണായി റവന്യൂ മന്ത്രി കെ രാജനേയും മുഖ്യ രക്ഷാധികാരിയായി മന്ത്രി ആർ ബിന്ദുവിനേയും യോഗം തെരഞ്ഞെടുത്തു.

ഡെപ്യൂട്ടി മേയർ എം എൽ റോസി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി മുരളി, അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, അസിസ്റ്റൻ്റ് കമ്മീഷ്ണർ കെ അജീഷ്, ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.