തൃശൂർ ജില്ലാ റവന്യൂ അസംബ്ലി
ഫ്ലഡ് റോഡുകൾക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്രം ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. തിരുവനന്തപുരം പിടിപി നഗർ ഐഎൽഡിഎമ്മിൽ നടന്ന തൃശൂർ ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിവിധ ഘട്ടങ്ങളിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തിയിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ഫ്ലഡ് റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എംഎൽഎമാർക്ക് പുറമെ, എംപിമാരടക്കം മറ്റു ജനപ്രതിനിധികൾ നൽകുന്ന നിവേദനം അനുസരിച്ചും റോഡുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
നേരത്തേ അനുവദിച്ചതിൽ ഏതെങ്കിലും കാരണത്താൽ നിർമ്മാണം നടക്കാതെ വന്ന റോഡുകളുടെ ഫണ്ട് മറ്റ് സമാന റോഡുകൾക്ക് മാറ്റി അനുവദിക്കാൻ നടപടി സ്വീകരിക്കും. മലയോര പട്ടയം, വികസനത്തിന് ഭൂമി ഏറ്റെടുക്കൽ, പുറമ്പോക്ക്, മേച്ചിൽപ്പുറം, കടൽപ്പുറമ്പോക്ക് പട്ടയങ്ങൾ എന്നിവ ഉൾപ്പടെ എംഎൽഎമാർ ചൂണ്ടിക്കാട്ടിയ മറ്റു വിഷയങ്ങൾക്കും മന്ത്രി കെ രാജൻ മറുപടി നൽകി.
അഞ്ചാമത് റവന്യൂ അസംബ്ലിയുടെ ആദ്യ ദിനത്തിൽ ഇടുക്കി, വയനാട് ജില്ലകൾക്കു ശേഷം നടക്കേണ്ടിയിരുന്ന തൃശൂർ ജില്ലാ അസംബ്ലി, വാഴൂർ സോമൻ എംഎൽഎയുടെ അപ്രതീക്ഷിത വേർപാടിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലയുടെ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. സ്മാർട്ട് വില്ലേജുകൾ, പട്ടയം നടപടികൾ, ഡിജിറ്റൽ റീ സർവെ എന്നിവയുടെ പുരോഗതി അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു. ജില്ലയിലെ എംഎൽഎമാരായ മന്ത്രി ഡോ. ആർ ബിന്ദു, എ സി മൊയ്തീൻ, പി ബാലചന്ദ്രൻ, ഇ ടി ടൈസൺ, മുരളി പെരുന്നെല്ലി, അഡ്വ. വി ആർ സുനിൽകുമാർ, യു ആർ പ്രദീപ്, സി സി മുകുന്ദൻ, എൻ കെ അക്ബർ, സി ജെ സനീഷ് കുമാർ, സേവ്യർ ചിറ്റലപ്പിള്ളി, കെ കെ രാമചന്ദ്രൻ എന്നിവർ എംഎൽഎ ഡാഷ് ബോർഡിലെ വിഷയങ്ങളിലും മണ്ഡലത്തിലെ വികസന പദ്ധതികളിലെയും വകുപ്പ് ഇടപെടലുകൾ സംബന്ധിച്ചുള്ള സബ്മിഷനുകൾ ഉന്നയിച്ചു.
റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജ്യമാണിക്യം, ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ, റവന്യൂ അഡീഷണൽ സെക്രട്ടറി എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ കെ മീര, തൃശൂർ സബ് കളക്ടർ അഖിൽ വി മേനോൻ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ്, മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു.