ദേശീയപാത 544-ലെ ബാക്കിയുള്ള നിർമാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. മുമ്പ് നൽകിയ നിർദ്ദേശങ്ങളിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ള പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് എഞ്ചിനിയറിംഗ് വിഭാഗം, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സംഘത്തെ കളക്ടർ ചുമതലപ്പെടുത്തി. ഈ സംഘത്തിൻ്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട്
സമർപ്പിക്കുക.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ പരിഹരിക്കാൻ ബാക്കിയുള്ളവയിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ എൻ.എച്ച്.എ.ഐയോട് ആവശ്യപ്പെട്ടിരുന്നു.
സർവീസ് റോഡുകളിൽ നിന്ന് പ്രധാന പാതയിലേക്കുള്ള പ്രവേശന ഭാഗങ്ങളിലെ വീതിക്കുറവ്, അപര്യാപ്തമായ ഓട സംവിധാനങ്ങൾ, സർവീസ് റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിലെ അപാകത, നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലും അപകടകരമായ കുഴികളുള്ള ഭാഗങ്ങളിലും ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളുടെ അഭാവം എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിശോധിക്കും.
കളക്ടർ രൂപീകരിച്ച സംഘം ഈ വിഷയങ്ങളിൽ വിശദമായ പരിശോധന നടത്തി ഇന്ററിം ട്രാഫിക് മാനേജ്‌മെൻ്റ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കമ്മിറ്റി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അടിപ്പാത നിർമ്മാണത്തിൽ നേരിടുന്ന കാലതാമസത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.