ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പീഡിപ്പിച്ചെന്ന് യുവതി

0

ബിജെപിയുടെ പാലക്കാട്ടെ സ്ഥിരം സ്ഥാനാര്‍ത്ഥിയെന്ന ആക്ഷേപമുള്ള സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി. സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിനാണ് യുവതി ഇമെയിലിലൂടെ പരാതി നല്‍കിയത്. പരാതി കിട്ടിയതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

കുറച്ചു വര്‍ഷം മുമ്പാണ് തനിക്ക് കൃഷ്ണകുമാറില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെ കുറിച്ച് ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്ററോട് പറഞ്ഞിരുന്നു. ബിജെപി നേതാക്കളായ വി മുരളീധരന്‍, എം ടി രമേശ് എന്നിവരോടും പറഞ്ഞു.

നടപടി എടുക്കാം എന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡണ്ടിന് നേരിട്ട് പരാതി നല്‍കുന്നതെന്ന് യുവതി പറയുന്നു.

രാഹുല്‍ മാങ്കുട്ടത്തിനെതിരെ കഴിഞ്ഞ ദിവസം കാളയുമായി പ്രതിഷേധ പ്രകടനം നടത്തിയ ബിജെപിക്കാര്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് അവരുടെ സംസ്ഥാന വൈസ് പ്രസിഡണ്ടിനെതിരെയുള്ള പീഡന പരാതി.

എന്നാല്‍ ഇത് സ്വത്തു തര്‍ക്കം മൂലമുള്ള പരാതി ആണെന്നും സന്ദീപ് വാര്യരാണ് പിന്നിലെന്നുമാണ് ആരോപണ വിധേയനായ സി കൃഷ്ണകുമാര്‍ പറയുന്നത്.

രാഹുല്‍ മാങ്കുട്ടത്തിനെതിരെ രേഖാമൂലമുള്ള പരാതി പോലും ഇല്ലാതെ തന്നെ പാര്‍ടിയില്‍ നിന്നും ഒഴിവാക്കിയ പോലുള്ള നടപടി കൃഷ്ണകുമാറിന്റെ പേരില്‍ ബിജെപി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.