സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും 17 ന്

0

ചിങ്ങം ഒന്ന് കർഷക ദിനം വിപുലമായ പരിപാടികളോടെ സംസ്ഥാന കൃഷി വകുപ്പ് ആഘോഷിക്കും. കർഷക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഞായറാഴ്ച രാവിലെ 8.30ന് തൃശ്ശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.

ഘോഷയാത്രയിൽ ശിങ്കാരിമേളം, പുലികളി, ചെണ്ട മേളം, കാവടിയാട്ടം, നാടൻ കലാ രൂപങ്ങൾ തുടങ്ങിയ ഇനങ്ങൾ അണിനിരക്കും. തുടർന്ന് കേര പദ്ധതി എന്ന വിഷയത്തിൽ സെമിനാർ നടക്കും. 11 ന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി പി രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, ജില്ലയിലെ എം.എൽ.എമാർ, എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, കർഷകർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ദിനാഘോഷത്തിന് കർഷകരുമായി വരുന്ന വാഹനങ്ങൾ പാറമേക്കാവിൽ കർഷകരെ ഇറക്കിയതിന് ശേഷം ജില്ലാ ആശുപത്രിയുടെ വഴിയിലൂടെ പുറത്ത് കടക്കേണ്ടതാണ്.