ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ കഴിയില്ല: റിട്ട. ജസ്റ്റീസ് ബാബു മാത്യു പി ജോസഫ്

0

ഇന്ത്യയെ ഒരിക്കലും ഒരു മത രാഷ്ട്രമാക്കാന്‍ കഴിയില്ലെന്ന് റിട്ട ഹൈക്കോടതി ജഡ്ജിയും സംസ്ഥാന ഉപ ലോകായുക്തയുമായിരുന്ന ബാബു മാത്യു പി ജോസഫ്. ലക്കിടി നെഹ്രു അക്കാദമി ഓഫ് ലോയില്‍ എല്‍എല്‍ബി പുതിയ ബാച്ചുകളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരന്മാര്‍ക്ക് മതം ആവാമെങ്കിലും ഭാരതത്തിന് മതം ഇല്ല. മതേതരത്വം എന്നത് മതനിരപേക്ഷതയാണ്. ഭരണഘടന ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ടെങ്കിലും അടിസ്ഥാന പ്രമാണങ്ങള്‍ മാറ്റം വരുത്താനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബഞ്ചുകള്‍ പലതവണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിട്ട. ജസ്റ്റീസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു.

വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും നിറയെ അവസരങ്ങളാണ് നിയമ ബിരുദ ധാരികളെ കാത്തിരിക്കുന്നതെന്ന് അധ്യക്ഷനായിരുന്ന നെഹ്രു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് പറഞ്ഞു. അതിന് വിദ്യാര്‍ത്ഥികളെ പൂര്‍ണസജ്ജരാക്കുന്ന വിദ്യാഭ്യാസം നെഹ്രു ലോ കോളേജില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റ് ഫാക്കല്‍റ്റി ഓഫ് ലോ പ്രൊഫസര്‍ ആന്റ് ഡീന്‍ ഡോ. വാണി കേസരി എ വിശിഷ്ടാഥിതി ആയിരുന്നു. ഡോ. എച്ച് എന്‍ നാഗരാജ, ഡോ. പി ഡി സെബാസ്റ്റ്യന്‍, പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. രവികുമാര്‍,  വിദ്യാര്‍ത്ഥി പ്രതിനിധികളായ സാന്ദ്ര, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

എല്‍എല്‍ബി പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷം റാങ്ക് നേടിയ ആര്‍ ജ്യോതിയെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. സോണി വിജയന്‍ സ്വാഗതവും അസി. പ്രൊഫസര്‍ കെ കരിസ്മ നന്ദിയും പറഞ്ഞു.