കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായി മാറിയെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി വീണ ജോർജ്. മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനെ (CHC), അർദ്രം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിൻ്റെ പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാരിൻ്റെ കാലത്ത് 5417 ജനകീയ കേന്ദ്രങ്ങൾ ആണ് ആരംഭിച്ചത്. ആരോഗ്യ മേഖലയിലേക്കായി സർക്കാർ 10000 കോടി രൂപയാണ് ഇതിനകം ചിലവഴിച്ചിട്ടുള്ളത്. ഒരു വർഷത്തിൽ 1600 കോടി രൂപ ആരോഗ്യ സേവനങ്ങൾക്ക് അനുവദിക്കുന്നു. കരൾ മാറ്റിവെക്കൽ, ഡയാലിസിസ്, കാൻസർ ചികിത്സ എന്നിവയിൽ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ ചികിത്സാ ചെലവ് 2023-ൽ 19000 രൂപയിൽ നിന്ന് 9000 രൂപയായി കുറഞ്ഞതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവേ റിപ്പോർട്ട് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് ആവശ്യമായ 40 ലക്ഷം രൂപ എൻ.എച്ച്.എം ഫണ്ടിൻ്റെ കീഴിൽ 2021-22 കാലയളവിൽ ചിലവഴിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത്. 2024-ൽ ആറര ലക്ഷം ആളുകൾ സൗജന്യ ഇവിടെ ചികിത്സ തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഔട്ട് പേഷ്യൻ്റ് സർവീസ്, ഇൻ പേഷ്യൻ്റ് സർവീസ്, ലാബ്, ഫാർമസി, ഒപ്റ്റോമെട്രിസ്റ്റ് സേവനം, എക്‌സ്-റേ, സെക്കൻഡറി പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി യൂണിറ്റ്, ആംബുലൻസ്, ഡയാലിസിസ് യൂണിറ്റ്, പബ്ലിക് ഹെൽത്ത് യൂണിറ്റ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, വയോജന ക്ലിനിക്, ഗർഭിണികൾക്കും കുട്ടികൾക്കും വാക്സിനേഷൻ, “ആരോഗ്യം ആനന്ദം” പദ്ധതിയുടെ ഭാഗമായി കാൻസർ സ്ക്രീനിംഗ്, സ്കൂൾ ഹെൽത്ത് പ്രോഗ്രാം എന്നിവ കേന്ദ്രത്തിൽ ലഭ്യമാകും.
ഇതിന് പുറമെ വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നവീകരിച്ച പേഴുംകാട് ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു.
വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷനായിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാൻ്റി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്‌ടർ കെ.ജെ. റീന, സെക്രട്ടറി പി.എസ്. ശ്രീകാന്ത്, മെഡിക്കൽ സുപ്രണ്ടന്റ് പി.എസ്. ആശ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി യാക്കോബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസ് മാഞ്ഞൂരാൻ, അന്നാമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ തുടങ്ങിയവരും പങ്കെടുത്തു.