പരിമിതികളെ കലകൊണ്ട് അതിജീവിച്ച് സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം കുട്ടികൾ.. ഭിന്നശേഷി കുട്ടികളുടെ മിന്നും കലാ പ്രകടനങ്ങളുമായി റിഥം ബാൻഡ് എന്റെ കേരളം വേദി കീഴടക്കി.
ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെ കേരള സാമൂഹിക സുരക്ഷാ മിഷൻ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസിൻ്റെയും നേതൃത്വത്തിലാണ് ഭിന്നശേഷി കലാകാരൻമാരുടെ “അനുയാത്രാ റിഥം” പരിപാടികൾ അവതരിപ്പിച്ചത്. സാമൂഹിക നീതി, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കലാകാരരെ ആദരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി കലാകാരരാണ് എൻ്റെ കേരളം വേദിയിൽ ആഘോഷ സായന്തനം സമ്മാനിച്ചത്. ബി എസ് അഭിജിത്, കെ അജിന, കെ എസ് അനഘ, എസ് ദിവ്യ, എൽദോ കുര്യാക്കോസ്, സൂര്യ ഗോവിന്ദരാജൻ, വിഷ്ണു അമർനാഥ് എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. സി വി അർജുൻ, കിരൺ, സി ആര്‍ രവിനാദ്, പൂജാ രമേശ്, വിഷ്ണുപ്രിയ എന്നിവർ ഗാനങ്ങൾ ആലപിച്ച് സദസ് കീഴടക്കി.
നാല്പത് ശതമാനത്തിൽ അധികം ഭിന്നശേഷി ഉള്ളവർക്കായി ടാലെൻ്റ് ഫെസ്റ്റ് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് സ്ക്രീനിങ്ങിലൂടെ തിരഞ്ഞെടുത്ത വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി വിഭാഗത്തിൽപെട്ട കലാകാരരാണ് അനുയാത്രാ റിഥത്തിൻ്റെ ഭാഗമായത്.സാന്ദ്ര ബിന്ദു വിജയൻ, വർഷ രാജീവ്, ഒലി അമൻ ജോദ എന്നിവരാണ് നൃത്തത്തിന് പിന്നിൽ പ്രവർത്തിച്ചവർ. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, ജില്ലാ സാമൂഹികനീതി ഓഫീസർ കെ ആർ പ്രദീപൻ, സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ നസീം എസ്, പി ആർ ഒ റിനീഷ് പി. എന്നിവർ സന്നിഹിതരായി.