തിരുത്തിൻ്റെ തുരുത്ത്; ശ്രദ്ധേയമായി വിയ്യൂർ സെൻട്രൽ പ്രിസൻ്റെ മാതൃക

0

വധശിക്ഷയുടെ നേർക്കാഴ്ച ഒരുക്കി എൻ്റെ കേരളം മെഗാ പ്രദർശന വിപണനമേളയിൽ ശ്രദ്ധേയമാക്കുകയാണ് വിയ്യൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷണൽ ഹോമിൻ്റെ പവലിയൻ.

110 കിലോ വരെ ഭാരമുള്ള കുറ്റവാളികളെ തൂക്കിക്കൊല്ലാനാകുന്ന തൂക്കുകയറും, ജയിൽ അന്തേവാസികൾ ഒരുക്കിയ വിവിധതരം കരകൗശല വസ്തുക്കളും വിയ്യൂർ സെൻട്രൽ ജയിലിൻ്റെ തിരുത്തിൻ്റെ തുരുത്തിലെത്തിയാൽ കാണാം. ജയിൽ അന്തേവാസികൾ ഒരുക്കിയ വസ്തുക്കൾ കാണാനും വാങ്ങാനും സാധിക്കും.

തടവുകാരുടെ ജയിൽ ജീവിതത്തെ അടയാളപ്പെടുത്തുന്ന സെല്ലിൻ്റെ മാതൃകയും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. വസ്ത്രം, പാത്രം, പായ എന്നിവയടങ്ങിയ ടോയ്ലറ്റ് സൗകര്യമുള്ള സെല്ലിൻ്റെ മാതൃകയും, വിയ്യൂർ സെൻട്രൽ ജയിലിൻ്റെ മിനിയേച്ചർ രൂപവും ഈ പവലിയനിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു. വിയ്യൂർ സെൻട്രൽ ജയിലിൻ്റെ ചരിത്രം ജയിൽ അന്തേവാസികളുടെ എണ്ണം എന്നിങ്ങനെ ജയിലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ എത്തുന്നവർക്ക് പരിചയപ്പെടാം.