‘ഇത് സത്യത്തിൻ്റെയും രാജ്യത്തിൻ്റെയും പ്രതീകം’; കേസരി 2  തീയേറ്ററുകളിൽ

0

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കേസരി ചാപ്റ്റർ 2’ തിയ്യറ്ററുകളിൽ. അക്ഷയ്കുമാറിനെ കൂടാതെ മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം ബുധനാഴ്ച ഡൽഹിയിൽ നടന്നിരുന്നു. പ്രദർശനത്തിനിടെ ആരാധകരോടും പ്രേക്ഷകരോടും അക്ഷയ് കുമാർ നടത്തിയ പ്രത്യേക അഭ്യർഥന ഇപ്പോൾ ശ്രദ്ധനേടുകയാണ്.

ചിത്രം കാണുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നായിരുന്നു താരത്തിൻ്റെ അഭ്യർഥന. ‘നിങ്ങളുടെ ഫോൺ കീശയിൽതന്നെ വെക്കണമെന്ന് ഞാൻ വിനീതമായി അഭ്യർഥിക്കുകയാണ്. ചിത്രത്തിലെ ഓരോ ഡയലോഗും ശ്രദ്ധിക്കണം. സിനിമ കാണുന്നതിനിടെ നിങ്ങൾ ഇൻസ്റ്റഗ്രാം നോക്കിയാൽ, അത് ചിത്രത്തെ അപമാനിക്കുന്നത് പോലെയാവും. അതുകൊണ്ട് നിങ്ങളുടെ ഫോൺ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യർഥിക്കുകയാണ്’, എന്നായിരുന്നു അക്ഷയ് കുമാറിൻ്റെ വാക്കുകൾ.

ഡൽഹി ചാണക്യപുരിയിലെ തീയേറ്ററിൽ ചിത്രം കാണാൻ പ്രമുഖരുടെ വലിയ നിര തന്നെ എത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, എംപിമാരായ അനുരാഗ് ഠാക്കൂർ, ബാൻസുരി സ്വരാജ് എന്നിവരടക്കം ചിത്രം കാണാൻ എത്തിയിരുന്നു. അക്ഷയ് കുമാറിന് പുറമേ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആർ. മാധവനും ചിത്രം കാണാൻ എത്തിയിരുന്നു.

നവാഗതനായ കരൺ സിങ് ത്യാഗിയാണ് സംവിധായകൻ. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം.

ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിൻ്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദി കേസ് ദാസ് ഷുക്ക് ദി എംപയർ’ എന്ന പുസ്കത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.