തൃശ്ശൂർ ജില്ലയിലെ അങ്കണവാടികളിൽ വായനയുടെ വിളക്ക് തെളിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ ‘വാ… വായിക്കാം’ പദ്ധതി. പുതുതലമുറയ്ക്ക് വായിച്ച് വളരാൻ ലൈബ്രറികൾ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗം മുന്നേറുകയാണ് പദ്ധതി.
അങ്കണവാടികളിൽ വായനശാലയൊരുക്കാൻ പുസ്തകവുമായി നിരവധിപ്പേരാണ് ‘വാ… വായിക്കാം’ പദ്ധതിയിൽ പങ്കാളികളായി തൃശ്ശൂർ കളക്ട്രേറ്റിൽ എത്തുന്നത്.
വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ ഹൈസ്കൂളിന്റെ 1999 എസ്. എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ 160 ഓളം പുസ്തകങ്ങൾ കൈമാറി ബുക്കത്തോണിൻ്റെ ഭാഗമായി. പഴയ സ്‌കൂൾ സ്മരണകളെ പുതുക്കിക്കൊണ്ട് അവർ പുതിയ തലമുറയ്ക്ക് അറിവിന്റെ പാത തുറന്നു കൊടുത്തു.
കൂടാതെ, തോളൂർ ഗ്രാമപഞ്ചായത്തിൽ നൂറ് തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിയും മറ്റ് ജീവനക്കാരും പുസ്തകങ്ങൾ കൈമാറി.
പൊതുജനങ്ങളിൽ നിന്നുള്ള പങ്കാളിത്തവും സിവിൽ സ്റ്റേഷനിലെയും മറ്റു സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ നിന്നുള്ള പിന്തുണയുമായി പദ്ധതി കൂടുതൽ ദൂരങ്ങൾ താണ്ടുകയാണ്. വായനയെ ജീവിതത്തിൻ്റെ ഭാഗമാക്കാനുള്ള അവസരം ഓരോരുത്തർക്കും ഒരുക്കുകയാണ് ‘വാ… വായിക്കാം’.
പങ്കാളികളാകൂ…
‘കുട്ടികളെയും മുതിർന്നവരെയും വായനയിലേക്ക് നയിക്കുവാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിൽ പങ്കാളിയാകാനും പദ്ധതിയിലേക്ക് പുസ്തകം നല്‍കാനും താല്‍പര്യമുള്ളവര്‍ 8304851680 എന്ന നമ്പറില്‍ ബന്ധപ്പെടണം.