സൗരോർജ തൂക്കുവേലി നിർമ്മാണോദ്ഘാടനം

0

കാടിനെയും വന്യജീവികളെയും മനുഷ്യരാശിയെയും സംരക്ഷിക്കാനുള്ള വിവിധ ശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചാലക്കുടിയിൽ സൗരോർജ്ജ തൂക്കു വേലിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വനം, വന്യജീവി വകുപ്പ് നബാർഡിന്റെ സഹകരണത്തോടെ ചാലക്കുടി ഡിവിഷനിൽ 2.24 കോടി രൂപയിൽ ചാലക്കുടി പുഴയോരത്ത് വിരിപ്പാറ മുതൽ കണ്ണൻകുഴി തോട് വരെ പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലൂടെ 18 കിലോമീറ്റർ നീളത്തിലാണ് സൗരോർജ തൂക്കുവേലി നിർമ്മിക്കുന്നത്.

ചാലക്കുടി- വാഴച്ചാൽ ഡിവിഷനുകളിലായി ഏകദേശം 80 കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്രയും ദൂരത്തിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നത്. വനത്തിനുള്ളിൽ ജലസമൃദ്ധി ഉറപ്പുവരുത്താനുള്ള പദ്ധതികൾക്ക് ഇപ്രാവശ്യം സർക്കാർ മുൻഗണന നൽകിയിട്ടുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി നിയോജക മണ്ഡലം എംഎൽഎ സനീഷ് കുമാർ ജോസഫ് അധ്യക്ഷത വഹിച്ചു.
സി സി എഫ് സെൻട്രൽ സർക്കിൾ ഡോ. ആർ ആടലരശൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസൻ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ജയിംസ് , മലയാറ്റൂർ വനം ഡിവിഷൻ ഡി എഫ് ഒ കുറ ശ്രീനിവാസ്, തൃശ്ശൂർ വനം ഡിവിഷൻ ഡിഎഫ് ഒ രവികുമാർ മീണ, ചാലക്കുടി വനം ഡിവിഷൻ ഡി എഫ് ഓ എം വെങ്കടേശ്വരൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ജിനീഷ് പി ജോസ് തുടങ്ങിയവർ പങ്കെടുത്തു.