തൃശൂർ ജില്ലയിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടേയും മഴക്കാല മുന്നൊരുക്കങ്ങളുടേയും പുരോഗതി കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
മഴക്കാല പൂർവ്വ ശുചീകരണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലാൻഡ് ഡെവലെപ്മെൻ്റ് കോർപ്പറേഷൻ തുടങ്ങിയ വകുപ്പുകൾ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും ഏപ്രിൽ 30 നകം പൂർത്തീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. നഗര മേഖലകളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ഡ്രെയ്നേജ്, തോടുകൾ, ഓടകൾ, കൾവർട്ടുകൾ, കനാലുകൾ, പുഴകൾ, മറ്റ് ജലസേചന സംവിധാനങ്ങൾ എന്നിവയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി മുൻഗണനാ പട്ടിക തയ്യാറാക്കി സമയബന്ധിതമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ പ്രത്യേകിച്ച് പെരിങ്ങാവ്, അശ്വനി ജംഗ്ഷൻ, പുഴക്കൽ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഈ പ്രദേശങ്ങളിലെ ഓടകൾ, കാനകൾ, കനാലുകൾ എന്നിവ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ആരംഭിക്കണം.
ഡാമുകളുടെ സുരക്ഷ
ജില്ലയിലെ ഡാമുകൾ, റഗുലേറ്ററുകൾ എന്നിവയുടെ ഷട്ടറുകൾ പ്രവർത്തന ക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും പ്രധാന റെഗുലേറ്ററുകളുടെ സ്പിൽവേകളിലെ തടസ്സങ്ങൾ നീക്കാൻ ഉടനടി നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകി. ഡാമുകൾ കൃത്യമായ റൂൾ കർവ് പാലിക്കണം. അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ 36 മണിക്കൂർ മുമ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയേയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും അറിയിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിക്കു ശേഷമേ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നു വിടാവൂ. രാത്രികാലങ്ങളിൽ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവയിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം.
അടിയന്തര സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ ഉദ്യോഗസ്ഥർക്ക് നേരിട്ട് വിവരം കൈമാറുന്നതിനു വേണ്ടി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും ഫോൺ നമ്പറുകൾ അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങളിൽ പ്രദർശിപ്പിക്കണം.
റോഡുകളുടെ സുരക്ഷ
ദേശീയ പാതകൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡ്രെയ്നേജുകളുടെ ശുചീകരണം അടിയന്തരമായി നടത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകണം. കലുങ്കുകൾ, പാലങ്ങൾ, എന്നിവയ്ക്ക് സമീപം കൂട്ടിയിട്ടിയിരിക്കുന്ന മണ്ണ്, മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവ ജലനിർഗമനത്തിന് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ അത് മുൻഗണനാടിസ്ഥാനത്തിൽ നീക്കം ചെയ്യണം.
പാതയോരങ്ങളിലും, സ്വകാര്യ ഭൂമിയിലും, സ്കൂളുകൾ, കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങളിലും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ ഉടനടി മുറിച്ചു മാറ്റുന്നതിനും കളക്ടർ നിർദ്ദേശം നൽകി.
യോഗത്തിൽ സബ് കളക്ടർ അഖിൽ വി മേനോൻ, ഡെപ്യൂട്ടി കളക്ടർ (ഡി.എം) സി. എസ് സ്മിത റാണി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.