കലാകാരന്മാർക്ക് ക്ഷേമ നിധിയും പെൻഷനും ഏർപ്പെടുത്താൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കെ. രാധാകൃഷ്ണൻ എംപി. കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ 2023 ലെ ഫെല്ലോഷിപ്പ് – എൻഡോവ്‌മെൻ്റ് അവാർഡുകൾ കലാമണ്ഡലം കൂത്തമ്പലത്തിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകാരന്മാരുടെ ക്ഷേമത്തിന് വേണ്ടി താൻ സ്പീക്കർ ആയ ഘട്ടത്തിലാണ് ബിൽ ഒപ്പ് വെച്ചത്. നിരവധി വിദേശ വിദ്യാർഥികൾ നമ്മുടെ നാട്ടിലേക്ക് വന്നു പഠിച്ച സ്ഥാപനമാണ് കേരള കലാമണ്ഡലം. ഇപ്പോൾ കലാമണ്ഡലം കേരളത്തിൻ്റെ സാംസ്കാരിക സർവ്വകലാശാലയായി മാറേണ്ട ആവശ്യമുള്ളതായും
കലാപരമായ മികവിന് ഒപ്പം അക്കാദമിക് മികവ് കൂടി ഉണ്ടാകണമെന്നും കെ. രാധാകൃഷ്ണൻ എം പി അഭിപ്രായപ്പെട്ടു. അവാർഡുകൾ നേടിയ എല്ലാ കലാകാരന്മാർക്കും എം പി ആശംസകൾ നേർന്നു.
കലാകാരന്മാർക്കായി ഏർപ്പെടുത്തിയ 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ ഫെല്ലോഷിപ്പുകളായ കക്കാട് കാരണവപ്പാട് ഫെല്ലോഷിപ്പ് (ചെണ്ട) സദനം വാസുദേവൻ, തകഴി കുഞ്ചുക്കുറുപ്പ് ഫെല്ലോഷിപ്പ് (കഥകളി ) കലാമണ്ഡലം കെ.ജി. വാസുദേവൻ, എന്നിവർക്ക് കെ. രാധാകൃഷ്ണൻ എം പി സമ്മാനിച്ചു.
പ്രത്യേക ജൂറി പരാമർശം ലഭിച്ച മോഹിനിയാട്ടം നർത്തകി കലാക്ഷേത്ര വിലാസിനിക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്ന കലാമണ്ഡലം അവാർഡ് പുരസ്കാരങ്ങളും എം പി വിതരണം ചെയ്തു.
കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി. അനന്തകൃഷ്ണൻ അധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റ് അവാർഡുകൾ യു ആർ പ്രദീപ് എം എൽ എ വിതരണം ചെയ്തു. പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി വിശിഷ്ടാതിഥി. കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷറഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. നിർമ്മലാ ദേവി, കലാമണ്ഡലം ഭരണസമിതി അംഗം രവീന്ദ്രനാഥൻ കെ. എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ ഷാജി സാമുവൽ വി. നന്ദി പറഞ്ഞു.