130.70 കോടിയുടെ വികസപദ്ധതികളുമായി തൃശൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ്

0

തൃശൂര്‍ ജില്ലയുടെ സമഗ്ര വികസനത്തിന് മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. റോബോ പര്‍ക്ക്, എന്റെ തൊഴില്‍ എന്റെ അഭിമാനം, മാലിന്യ സംസ്‌കരണം, അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി, ലൈഫ് മിഷന്‍, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, കുടിവെള്ളക്ഷാമം, ആരോഗ്യം, കാന്‍ തൃശൂര്‍, വിദ്യാഭ്യാസം, എന്നീ മേഖലകള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ജില്ലയുടെ സര്‍വ്വതോമുഖമായ വികസനം ലക്ഷ്യം വെച്ച് സംസ്ഥാന ഗ്രാന്റുകളും, തനത് ഫണ്ട് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന നിര്‍ദ്ദേശങ്ങളും, മറ്റു വരുമാന മാര്‍ഗ്ഗങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ പറഞ്ഞു. 80,18,404 രൂപയാണ് മുന്‍വര്‍ഷത്തില്‍ നിന്നുള്ള നീക്കിയിരിപ്പുതുക. ഇതുള്‍പ്പെടെ 1,30,70,70,764 രൂപയുടെ വരവും 1,29,58,40,220 രൂപ ചിലവും, 1,12,30,544 രൂപ നീക്കിയിരിപ്പുമാണ് 2025-26 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് എന്ന് വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ അനുമതിയോടെ സ്റ്റാര്‍ട്ട് അപ് മിഷനുമായി യോജിച്ച് വിജ്ഞാന്‍ സാഗറിന്റെ ഭൂമിയില്‍ റോബോ പാര്‍ക്ക് പദ്ധതി നടപ്പിലാക്കാനും ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു എന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.

ലൈഫ് ഭവന പദ്ധതിക്കായി 20 കോടി രൂപയും, ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയെ മികവിന്റെ കേന്ദ്രങ്ങളാക്കുക, വിദ്യാഭ്യാസ രംഗത്ത് പെതുജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ച് നടപ്പാക്കി വരുന്ന ‘സമേതം’ പദ്ധതിക്കായി 10 ലക്ഷം രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

കാന്‍സര്‍ വിമുക്ത തൃശ്ശൂര്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കി വരുന്ന കാന്‍-തൃശ്ശൂര്‍ പദ്ധതിക്കായുള്ള 50 ലക്ഷം രൂപ ഉള്‍പ്പടെ ആരോഗ്യ മേഖലക്കായി ബഡ്ജറ്റില്‍ 2 കോടി രൂപ വകയിരുത്തിയിരിക്കുന്നു.

വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന ‘സുശാന്തം’, ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സഹായഹസ്തം പദ്ധതിയായ ‘ശുഭാപ്തി’ എന്നിവയ്ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി 5 കോടി രൂപ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോഡുകളുടെ നിര്‍മ്മാണത്തിന് 18 കോടി രൂപയും, പരിപാലനത്തിന് 9 കോടി രൂപയും, ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തുന്നതിന് 2 കോടി രൂപയും സ്ത്രീകളുടെ ഉന്നമനത്തിനും, ലിംഗ സമത്വ പദ്ധതികള്‍ക്കുമായി ഒരു കോടി രൂപയും, ജില്ലയിലെ വാണിജ്യ വിളകളുടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ വകയിരുത്തുന്നു.

നെല്‍കൃഷി പ്രോത്സാഹനത്തിനായി നെല്‍കൃഷി കൂലി ചെലവ് സബ്‌സിഡി ഇനത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെന്ന പോലെ തന്നെ വരുന്ന വര്‍ഷത്തേക്കും 2 കോടി രൂപ 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കൂടാതെ കൃഷി നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വര്‍ദ്ധനവ്, ജലസേചനം ഉറപ്പാക്കുന്നതിനായി പാടശേഖരങ്ങള്‍ക്ക് പമ്പ് സെറ്റ് വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 1.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

തീരദേശ മത്സ്യതൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 60 ലക്ഷം രൂപയും, കന്നുകാലികളുടെ വന്ധ്യതാനിവാരണത്തിന് 25 ലക്ഷം രൂപയും, പാലിന് സബ്‌സിഡി നല്‍കുന്നതിനായി 1.75 കോടി രൂപയും വകയിരുത്തിയിരിക്കുന്നു.

തൃശ്ശൂര്‍ പൂരം എക്‌സിബിഷന്‍, വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന ജലോത്സവങ്ങള്‍, ജില്ലാ കേരളോത്സവം എന്നിവയ്ക്കുമായി 25 ലക്ഷം രൂപ കൂടാതെ, കണ്ടശ്ശാങ്കടവ് ജലോത്സവം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ തുകയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

അങ്കണവാടികളിലൂടെ ശിശുക്കള്‍ക്കും, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷക സമൃദ്ധമായ ആഹാരം നല്‍കുന്നതിന് 2.5 കോടി രൂപ നീക്കി വെച്ചിരിക്കുന്നു. അങ്കണവാടികളുടെ അറ്റുകുറ്റപ്പണികള്‍ക്കും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുത്തുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം നല്‍ക്കുന്നതിനും വെണ്ടിയും ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പട്ടികജാതി വിഭാഗത്തിന്റെ സര്‍വ്വതല ഉന്നമനത്തിനായി 2.5 കോടി രൂപ, പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ക്കായി 40 ലക്ഷം രൂപയും ബജറ്റില്‍ വകയിരുതിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മഞ്ജുളാരുണന്‍, റഹിം വീട്ടിപറമ്പില്‍, പി.എം. അഹമ്മദ്, സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.