ഏകപക്ഷീയ ആരോപണങ്ങളിൽ മുട്ടുമടക്കില്ല: തിരുവനന്തപുരം പ്രസ് ക്ലബ്

0

പി.ആർ.ഡി സംഘടിപ്പിച്ച വനിതാ കോൺക്ലേവുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ നടത്തിയ പരാമർശം ക്ലബ് ജനറൽ ബോഡി തിരുത്തിയിട്ടുള്ളതും രാധാകൃഷ്ണൻ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുളളതുമാണ് എന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
വനിതാ കോൺക്ലേവിൽ ചില പാനലിസ്റ്റുകൾ പ്രസ് ക്ലബ് ഇടിച്ചു നിരത്തണമെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്.
വനിതാ ജീവനക്കാരടക്കം പ്രവർത്തിക്കുന്ന പി ആർ ഡിയുടെ റിസർച്ച് വിംഗ് തുച്ഛമായ വാടകയ്ക്ക് പ്രവർത്തിക്കുന്നതും പ്രസ് ക്ലബ് കെട്ടിടത്തിലാണ്. ഈ മന്ദിരം ഇടിച്ചു തകർക്കണമെന്നാണ് പി ആർ ഡിയുടെ ചെലവിൽ വന്നിരുന്ന് പ്രസംഗിച്ചത്.

പ്രസ് ക്ലബ് സെക്രട്ടറിയെ ജൻഡർ ക്രിമിനൽ എന്നും സദാചാര ഗുണ്ട എന്നും പലവട്ടം വിളിച്ചാക്ഷേപിച്ചു. എം.രാധാകൃഷ്ണനെതിരെ ചാർജ് ചെയ്തിട്ടുള്ള 354-ാം വകുപ്പ് പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി കിരൺ ബാബുവിനെതിരെയുമുണ്ട്. ഒരു മാധ്യമ പ്രവർത്തകയെ അപമാനിച്ചതിന് പ്രതിചേർക്കപ്പെട്ട കിരൺ ബാബുവിനെതിരെ ഒരു പരാമർശം പോലും നടത്താത്തതും പ്രസ് ക്ലബ് സെക്രട്ടറിയെ വളഞ്ഞിട്ടാക്രമിച്ചതും മുൻകൂർ തയ്യാറാക്കിയ അജൻഡയുടെ ഭാഗമായിരുന്നു. കിരൺ ബാബുവിനെ പോലെ കുറ്റാരോപിതൻ മാത്രമാണ് രാധാകൃഷ്ണനും.

രാധാകൃഷ്ണനോടുള്ള വ്യക്തിവിരോധത്തിൻ്റെ പേരിൽ പ്രസ് ക്ലബിനെതിരെ കോൺക്ലേവിൽ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാൻ സംഘാടകർ തയ്യാറാകണം. ഒരു പ്രത്യേക വിഭാഗവുമായി ചേർന്നു നിൽക്കുന്നവരെ മാത്രം പാനലിസ്റ്റുകളായി തിരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ്.സംവരണത്തിൻ്റെ പിൻബലമില്ലാതെ വനിതകൾ ഭാരവാഹികളായിരിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്. നാല് വനിതകൾ ഇവിടെ ജീവനക്കാരായുണ്ട്. നൂറു കണക്കിന് വനിതകൾ ദിവസേന വന്നു പോകുന്ന സ്ഥാപനം. ക്ലബിൻ്റെ പരിപാടികളിൽ വനിതാ അംഗങ്ങളുടെയും കുടുംബാംഗങ്ങളായ വനിതകളുടെയും സജീവ പങ്കാളിത്തം. എന്നിട്ടും പ്രസ് ക്ലബ് വനിതാ സൗഹൃദ ഇടമല്ലെന്നാണ് വിരലിലെണ്ണാവുന്ന ചിലർ കോൺക്ലേവിൽ ആരോപണം ഉന്നയിച്ചത്.

പി ആർ ഡി യും മീഡിയ അക്കാഡമിയും സംഘടിപ്പിക്കുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട പരിപാടികളിൽ നിക്ഷിപ്ത താത്പര്യക്കാരായ ചിലരെ മാത്രം പങ്കെടുപ്പിച്ച് പ്രസ് ക്ലബിനെ അപമാനിക്കാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. തിരുത്തേണ്ടത് തിരുത്തിയും പറയേണ്ടത് പറഞ്ഞും മുന്നോട്ടു പോകാനാണ് ക്ലബ് ഭരണസമിതിയുടെ തീരുമാനം. ഇത്തരം ദുരാരോപണങ്ങൾക്കു മുന്നിൽ 60 വർഷം പാരമ്പര്യമുള്ള തിരുവനന്തപുരം പ്രസ് ക്ലബ് മുട്ടുമടക്കില്ലെന്ന് ആവർത്തിക്കുന്നു.