ഒരുക്കം 2025 എസ്.പി.സി തൃശ്ശൂര്‍ റൂറല്‍ജില്ല സഹവാസ ക്യാമ്പിന്റെ സമാപന ദിവസത്തില്‍ കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡ് നടന്നു. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം എംഎല്‍എ വി.ആര്‍ സുനില്‍കുമാര്‍ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ല എസ്.പി.സി നോഡല്‍ ഓഫീസറും അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസുമായ വി.എ ഉല്ലാസ് കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
38 വിദ്യാലയങ്ങളില്‍ നിന്നായി 308 സീനിയര്‍ കേഡറ്റുകള്‍ 11 പ്ലട്യൂണുകളായി അണിനിരന്നു. സെറിമോണിയല്‍ പരേഡില്‍ ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എയ്ഞ്ചല്‍ റോഷന്‍ ഇ.ആര്‍ പരേഡ് കമാന്‍ഡറായും കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ ആന്‍സ്റ്റീന നൈജു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായും പരേഡ് നയിച്ചു. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലട്യൂണുകളെ അനുമോദിച്ചു. സ്തുത്യര്‍ഹ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും, അധ്യാപകരെയും ആദരിച്ചു. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്‌കൂള്‍ ബാന്റിന്റെ പ്രകടനവും ഉണ്ടായി.
പാലിശ്ശേരി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ പ്രധാനാധ്യാപിക ദീപ്തി, വിവിധ വിദ്യാലയങ്ങളിലെ എസ്പിസി സിപിഒ മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.