സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായ് മാടക്കത്തറയിൽ വനിതാ ജിംനേഷ്യം തുറന്ന് തൃശൂർ ജില്ലാപഞ്ചായത്ത്. ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി പ്രകാരമാണ് മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് സെൻ്ററിൽ പുതിയ വനിതാ ജിംനേഷ്യം പ്രവർത്തനമാരംഭിച്ചത്.
നേരത്തെ മുളങ്കുന്നത്തുകാവിലും തെക്കുംകര ഗ്രാമ പഞ്ചായത്തിലുമായ് രണ്ട് സെൻ്ററുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. വനിതകളുടെ മാനസിക, ശാരീരിക ആരോഗ്യത്തിൽ പുരോഗതി കൈവരിക്കുന്നത് ലക്ഷ്യമിട്ടാണ് വനിതാ ജിംനേഷ്യങ്ങൾ ആരംഭിച്ചത്. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന് കീഴിലെ വാഴാനി ഡിവിഷന് കീഴിലാണ് മൂന്നു വനിത ഫിറ്റ്നസ് സെന്ററുകളും പ്രവർത്തിക്കുന്നത്. സ്ത്രീശക്തീകരണം എന്നാൽ മെയ്ക്കരുത്തു കൂടിയാണ് എന്ന തിരിച്ചറിവ് കൂടിയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.
യുവതികൾക്കും വീട്ടമ്മമാർക്കും വളരെ കുറഞ്ഞ നിരക്കിൽ ജില്ലാ പഞ്ചായത്തിന് കീഴിലെ ഈ ഹെൽത്ത് സെൻ്ററുകളിൽ വ്യായാമം ചെയ്യാനാകും. മാടക്കത്തറ ഗ്രാമപഞ്ചായത്ത് സൗകര്യപ്രദമായ സ്ഥലത്താണ് വനിത ഫിറ്റ്നസ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് വിനയൻ ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹനൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാവിത്രി രാമചന്ദ്രൻ, കെ പി പ്രശാന്ത്, പുഷ്പചന്ദ്രൻ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തുളസി സുരേഷ് സോഫി സോജൻ , മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സുരേഷ് എന്നിവർ സംസാരിച്ചു.