150 കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ സംയുക്ത പരേഡ്: സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു

0
കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 150 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ്  ദര്‍വേശ് സാഹിബ് അഭിവാദ്യം സ്വീകരിച്ചു. മാറുന്ന കാലത്തിനനുസൃതമായ ആധുനിക സാങ്കേതിക വിദ്യകള്‍ പരിശീലിക്കാനും ഉള്‍കൊള്ളാനും പുതിയ സേനാംഗങ്ങള്‍ പര്യാപ്തരാകണം എന്ന്  സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ ഐ.ആര്‍.ബി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മലപ്പുറം എം.എസ്.പി ബറ്റാലിയനില്‍ നിന്ന് 21 പേരും എസ്.എ.പി ബറ്റാലിയനില്‍ നിന്ന് 43 പേരും കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയനുകളില്‍ നിന്ന് യഥാക്രമം 14, 12, 32, 15, 13  സേനാംഗങ്ങളുമാണ് സംയുക്ത പരേഡില്‍ അണിനിരന്നത്. ആറുമാസത്തെ അടിസ്ഥാനപരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ കേരള പോലീസിന്റെ ഭാഗമാകുന്നത്.
സ്ത്രീ-പുരുഷ വേര്‍തിരിവ്  ഒഴിവാക്കിക്കൊണ്ടുള്ള പ്രതിജ്ഞാവാചകം ഏറ്റുചൊല്ലിയാണ് പുതിയ റിക്രൂട്ടുകള്‍ സേനാംഗങ്ങളായത്.  വിഷ്ണു മഹേന്ദ്ര പരേഡ് കമാൻഡറും എസ്. നബീല്‍ ഷാ പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായിരുന്നു.
ഫിസിക്കല്‍ ഫിറ്റ്‌നസ് ട്രെയിനിങ്, വെപ്പണ്‍ ഹാന്‍ഡിലിംഗ്, ആംസ് ഡ്രില്‍, നീന്തല്‍, ഫയറിങ് പ്രാക്ടീസ്, അണ്‍ ആംഡ് കോംബാറ്റ്, യോഗ, ട്രാഫിക് ഡ്രില്‍, ലാത്തി ആന്‍ഡ് ഷീല്‍ഡ് ഡ്രില്‍ എന്നീ വിഷയങ്ങളില്‍ ഔട്ട്‌ഡോര്‍ പരിശീലനവും അടിസ്ഥാന ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, അച്ചടക്കം, സ്‌ട്രെസ് മാനേജ്‌മെന്റ്, മുതിര്‍ന്ന ഓഫീസര്‍മാരോടുള്ള പെരുമാറ്റം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വിഭാഗത്തിലെ വിവിധ വിഭാഗം ജീവനക്കാരുടെ ജോലിയും ഉത്തരവാദിത്തങ്ങളും, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്, ട്രാഫിക് അവയെര്‍നസ് ക്ലാസുകള്‍, കെ.എസ്.ആര്‍, വിവിധ നിയമസംഹിതകള്‍, എം.എ.സി.ടി നടപടിക്രമങ്ങള്‍, വകുപ്പില്‍ ഉപയോഗിക്കുന്ന ആധുനിക വാഹനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇന്‍ഡോര്‍ പരിശീലനവും നല്‍കി.
ഇവയ്ക്കുപുറമെ വിവിധ തരത്തിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഓടിക്കുന്നതിനും ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ തരത്തിലുള്ള സ്‌പെഷ്യലൈസ്ഡ് വാഹനങ്ങളായ ക്രൈയ്ന്‍, റിക്കവറി വെഹിക്കിള്‍, ബാേഗ്ഗേജ് സ്‌കാനര്‍, വരുണ്‍, വജ്ര എന്നിവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും വി.വി.ഐ.പി മോട്ടോര്‍ കേഡ് വെഹിക്കിള്‍ മൂവ്‌മെന്റ് എന്നീ വിഷയങ്ങളിലും പ്രായോഗിക പരിശീലനവും നല്‍കി.
പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി പുരസ്‌കാരം നല്‍കി ആദരിച്ചു. ബെസ്റ്റ് ഇന്‍ഡോര്‍ ജി. നവനീത് (കെ.എ.പി 2), ബെസ്റ്റ് ഔട്‌ഡോര്‍ വിഷ്ണു മഹേന്ദ്ര (കെ.എ.പി 3), ബെസ്റ്റ് ഷൂട്ടര്‍ ടി. പ്രജീഷ് (എം.എസ്.പി), ബെസ്റ്റ്  ഓള്‍ റൗണ്ടര്‍ വിഷ്ണു മഹേന്ദ്ര (കെ.എ.പി 3)
പരിശീലനം നേടിയവരില്‍ എം.ടെക് യോഗ്യതയുള്ള രണ്ടു പേരും പോസ്റ്റ് ഗ്രാജ്യേഷന്‍ യോഗ്യതയുള്ള ഏഴു പേരും ബി ടെക് യോഗ്യതയുള്ള 15 പേരും ബി എഡ്ഡുള്ള രണ്ടു പേരും 53 ബിരുദധാരികളും 16 ഡിപ്ലോമക്കാരും 15 ഐ ടി ഐ ക്കാരും ഉള്‍പ്പെടും.
ചടങ്ങില്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ എ ഡി ജി പി എം.ആര്‍ അജിത്കുമാര്‍, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി ഐ ജി ആര്‍. ആനന്ദ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് എം. ഹേമലത എന്നിവര്‍ പങ്കെടുത്തു.