കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്ത് മാത്രമേ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകൂവെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൃശൂര്‍ പ്രസ് ക്ലബ്ബിൻ്റെ 11-ാമത് ടി.വി. അച്യുതവാരിയര്‍ പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക അവബോധം ശരിയായ രീതിയില്‍ സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളുടെ മുഖ്യ അജന്‍ഡയാകണം. പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുമരാമത്ത് – ടൂറിസം മേഖലയില്‍ ഒരു ഡിസൈന്‍ പോളിസി നടപ്പിലാക്കുന്നുണ്ട്. രാജ്യത്ത് തന്നെ ഇതാദ്യമാണ്. പരിസ്ഥിതിക്കിണങ്ങുന്ന പുനരുപയോഗ സാധ്യതകളുള്ള നിര്‍മ്മാണരീതിയാണ് ഇതില്‍ പരാമര്‍ശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
പുരസ്‌കാര ജേതാക്കളായ മാതൃഭൂമി ന്യൂസിലെ ബിജു പങ്കജിനും മാതൃഭൂമി ദിനപത്രത്തിലെ രെജി ആര്‍. നായര്‍ക്കും മന്ത്രി പുരസ്‌കാരവും ഫലകവും സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.ബി. ബാബു അദ്ധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. ശ്രീകുമാര്‍ അച്യുതവാരിയര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡൻ്റ് എം.വി. വിനീത ആശംസാ പ്രസംഗം നിര്‍വഹിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുപടിപ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലന്‍ സ്വഗതവും ട്രഷറര്‍ ടി.എസ്. നീലാംബരന്‍ നന്ദിയുംപറഞ്ഞു.