ജില്ലാ ജയിലിലേക്ക് പുസ്തകങ്ങള്‍ നല്‍കി എന്‍എസ്എസ് 

0

ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം തൃശ്ശൂര്‍ ക്ലസ്റ്റര്‍തല ‘ചാരെ’ പദ്ധതിയുടെ സമാപനത്തിൻ്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ. ആര്‍.എന്‍ അന്‍സര്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലാ ജയിലില്‍ തുറന്ന വായനശാല ഒരുക്കിയിരുന്നു. എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ വിവിധ ചലഞ്ചുകള്‍ വഴി സമാഹരിച്ച 25,000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കിയാണ് പദ്ധതിയുടെ സമാപനം കുറിച്ചത്. പുസ്തകങ്ങള്‍ ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍ പി രതീഷ് ഏറ്റുവാങ്ങി.

2024-25 വര്‍ഷത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചു നടപ്പാക്കുന്നതാണ് ‘ചാരെ’ പദ്ധതി. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിര്‍ധനരും നിരാലംബരുമായ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കിടപ്പു രോഗികള്‍ക്കും ആശ്വാസം പകരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ സെന്ററിലേക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവിധ സെന്ററുകളിലേക്കും മറ്റ് പൊതു സ്ഥാപനങ്ങളിലേക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുവാനും ലക്ഷ്യമിടുന്നുണ്ട്. ഡിമെന്‍ഷ്യ ബാധിതര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരെ പരിചരിക്കുന്നതിനും പരിഗണന നല്‍കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുവാനും ലക്ഷ്യമിടുന്നു.

നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ എം വി പ്രതീഷ് അധ്യക്ഷനായി. ജയില്‍ ക്ഷേമ ഓഫീസര്‍ ടി പി സൂര്യ, കെ ശശികുമാര്‍, എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍, വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.