എം ടി വിടവാങ്ങി

0

മഹാനായ എഴുത്തുകാരനും മലയാളിയുടെ അഹങ്കാരവുമായ എം ടി എന്ന എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയാണ് അന്ത്യം സംഭവിച്ചത്.

നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാ വിവരണം, ലേഖനം, മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ ഭാഷയുടെ എല്ലാ മേഖലകളിലും അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു എം ടി. ഏഴു പതീറ്റാണ്ടായി മലയാളിയുടെ മനസ്സില്‍ ആ മഹാ എഴുത്തുകാരനുണ്ട്. ജ്ഞാനപീഠം അടക്കമുള്ള പുരസ്‌ക്കാരങ്ങള്‍ രാജ്യം നല്‍കി ആദരിച്ചപ്പോള്‍ ആ പുരസ്‌ക്കാരങ്ങള്‍ക്കാണ് ആദരം ലഭിച്ചത് എന്ന് ജനങ്ങള്‍ പറഞ്ഞത് വെറുതെയല്ല.

ഹൃദ്രോഗവും ശ്വാസ തടസ്സവും മൂലം കഴിഞ്ഞ 11 ദിവസമായി ആശുപത്രിയിലായിരുന്നു. ഇതിനിടെ കിഡ്‌നിയുടെ പ്രവര്‍ത്തനവും മന്ദഗതിയിലായി.
സാഹിത്യത്തില്‍ രാജ്യത്തുള്ള ഏതാണ്ടെല്ലാ പുരസ്‌ക്കാരവും എംടിയെ തേടി എത്തിയിട്ടുണ്ട്. മലയാള സിനിമാ ചരിത്രം എഴുതിയാലും എംടിയെ ഉള്‍പ്പെടുത്താതെ പൂര്‍ത്തിയാക്കാനാവില്ല. നിര്‍മാല്യം ഉള്‍പ്പെടെ ആറ് സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സിനിമകള്‍ ഇന്നും ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്നവയാണ്.
ഭാര്യ കലാമണ്ഡലം സരസ്വതി. മക്കള്‍ സിതാര, അശ്വതി